അൽ ഐൻ വ്യവസായിക മേഖലയിലെ COVID-19 പരിശോധനകൾ പൂർത്തിയായി

UAE

അൽ ഐനിലെ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 18 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂലൈ 3-നു അറിയിച്ചു. നാഷണൽ സ്ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി, DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കിയ ഈ പ്രവർത്തനങ്ങൾ, അൽ ഐനിലെ വ്യവസായ മേഖലകളിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുകയും, അതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതായിരുന്നു.

https://twitter.com/admediaoffice/status/1279078972387663874

ഈ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായതായും, ഈ മേഖലയിലെ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് വ്യാപനം പൂർണ്ണമായും തടയുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമായതായും DOH വ്യക്തമാക്കി. അൽ ദഫ്‌റ, മുസഫ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിലും, നാഷണൽ സ്ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

അൽ ഐനിലെ വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാണ്ട് 170,000 പേർക്കാണ് സൗജന്യ ആരോഗ്യ പരിശോധനകളും, COVID-19 പരിശോധനകളും നൽകിയത്. ഈ മേഖലയിലെ ഏതാണ്ട് 2,140 കെട്ടിടങ്ങൾ അണുവിമുക്തമാക്കിയതായും, 305-ൽ പരം റെസിഡൻഷ്യൽ സമുച്ഛയങ്ങൾ പരിശോധിച്ച് ശുചീകരിച്ചതായും DoH വ്യക്തമാക്കി.

ഏതാണ്ട് 228,500 മാസ്‌കുകളും, 497,000 ഭക്ഷണപ്പൊതികളും ഈ പരിശോധനകളുടെ ഭാഗമായി മേഖലയിൽ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു. ഇത് കൂടാതെ ഈ മേഖലയിലെ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് ബോധവത്കരണത്തിനായി വിവിധ ഭാഷകളിലുള്ള പരിശീലന ക്‌ളാസുകളും DOH നൽകുകയുണ്ടായി.