ദുബായിലെ സംരക്ഷിത മേഖലകളിൽ മുൻസിപ്പാലിറ്റി കണ്ടൽ മരങ്ങൾ നട്ടു വളർത്തുന്നു

UAE

തീരദേശ മേഖലയുടെ പരിപാലനത്തിനും, വികസനത്തിനുമായി എമിറേറ്റിലെ സംരക്ഷിത പ്രദേശങ്ങളിൽ കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനായുള്ള ഒരു പദ്ധതിക്ക് തുടക്കമിട്ടതായി ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഒക്ടോബർ 31-നാണ് ദുബായ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“പരിസ്ഥിതി സുസ്ഥിരത, ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2050-ഓടെ അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന ദോഷകരമായ വാതകങ്ങളുടെ അളവ് തീർത്തും ഇല്ലാതാക്കുക എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനായി നടപ്പിലാക്കുന്ന നടപടികളിൽ കണ്ടൽ മരങ്ങൾ നട്ടു വളർത്തുന്നത് വലിയ പങ്ക് വഹിക്കുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍, ആഫ്രിക്ക എന്നീ മേഖലകളിൽ ആദ്യമായി നെറ്റ്-സീറോ എമിഷൻ കൈവരിക്കുന്ന ആദ്യ രാജ്യം എന്ന നേട്ടമാണ് യു എ ഇ ലക്ഷ്യം വെക്കുന്നത്.”, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ H.E. ദാവൂദ് അൽ ഹജ്‌രി വ്യക്തമാക്കി.

“അന്തരീക്ഷത്തിലേക്ക് കാർബൺ പുറം തള്ളുന്നത് നിയന്ത്രിക്കുന്നതിൽ കണ്ടൽ കാടുകൾ പ്രധാന പങ്ക് വഹിക്കുന്നു. പ്രകൃതിദത്തമായ വാസസ്ഥലം ഒരുക്കുന്നതിലൂടെ കണ്ടൽ കാടുകൾ ജൈവവൈവിധ്യം നിലനിർത്തുന്നതിലും, ഇക്കോ ടൂറിസം അവസരങ്ങൾ ഒരുക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

“പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിലമതിക്കാനാകാത്ത സ്വത്താണ് കണ്ടൽ കാടുകൾ. ഇത് കണക്കിലെടുത്താണ് ദുബായിൽ കൂടുതൽ കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിന് ഞങ്ങൾ ലക്‌ഷ്യം വെക്കുന്നത്. കണ്ടൽ മരങ്ങളുടെ വേരുകൾ ഒരുക്കുന്ന പ്രത്യേക പരിസ്ഥിതി വിവിധ മത്സ്യങ്ങൾക്ക് വളരുന്നതിനുള്ള മികച്ച അവസരങ്ങൾ ഒരുക്കുന്നു.”, അദ്ദേഹം അറിയിച്ചു.

Source: Dubai Media Office.

റാസ് അൽ ഖോർ, ജബൽ അലി തുടങ്ങിയ മറൈൻ നാച്ചുറൽ റിസർവ് മേഖലകളിലാണ് ഈ പദ്ധതി പ്രകാരം ദുബായ് മുനിസിപ്പാലിറ്റി കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത്. ആഴം കുറഞ്ഞതും, തിരമാലകളുടെ ശക്തിയേൽക്കാത്തതുമായ പ്രദേശങ്ങളിലാണ് കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കുന്നത്.