ദുബായ്: മിറക്കിൾ ഗാർഡൻ പത്താം സീസൺ 2021 നവംബർ 1 മുതൽ ആരംഭിക്കും

featured UAE

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2021 നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. മിറക്കിൾ ഗാർഡന്റെ പത്താം സീസൺ ആഘോഷിക്കുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പ്രദർശനത്തിനുണ്ട്.

അത്യന്തം ആകർഷകമായ രീതിയിൽ ഒരുക്കിയിട്ടുള്ള ഈ പൂന്തോട്ടത്തിൽ പത്താം സീസണിന്റെ ഭാഗമായി സന്ദർശകർക്ക് എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ വിവിധ ഇന്ദ്രിയങ്ങളിൽ അനുഭൂതിയേകുന്നതിനായി പൂക്കളാൽ തീർത്ത നിരവധി പ്രദർശനങ്ങൾ മിറക്കിൾ ഗാർഡനിൽ ഒരുങ്ങിയിട്ടുണ്ട്.

Source: Dubai Media Office.

120 തരത്തിലുള്ള, ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകർക്കായി ഒരുങ്ങുന്നത്. ഇതിൽ ഏതാനം പുഷ്പങ്ങളും, സസ്യങ്ങളും ഗൾഫ് മേഖലയിൽ കാണാത്തവയാണ്. പൂക്കൾ ഒരുക്കുന്ന മായിക കാഴ്ച്ചകളോടൊപ്പം, വർണ്ണ വിളക്കുകളോട് കൂടിയ, വിവിധ രൂപങ്ങളിൽ സസ്യങ്ങളാൽ തയ്യാറാക്കിയ ദൃശ്യങ്ങളും മിറക്കിൾ ഗാർഡന്റെ രാത്രികാഴ്ച്ചകൾക്ക് മിഴിവേകുന്നു.

“പത്താം സീസണിലെത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. സന്ദർശകർക്കായി മായികകാഴ്ച്ചകൾ ഒരുക്കുന്ന വേദിയാണ് മിറക്കിൾ ഗാർഡൻ. മിറക്കിൾ ഗാർഡൻ സന്ദർശിക്കുന്ന ഓരോ സന്ദർശകർക്കും ഏറ്റവും മികച്ചതും, മറക്കാനാകാത്തതുമായ ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ഞങ്ങൾ എന്നും ശ്രദ്ധചെലുത്തുന്നു.”, ദുബായ് മിറക്കിൾ ഗാർഡന്റെ സ്ഥാപകൻ എൻജിനീയർ അബ്ദെൽ നാസർ റഹാൽ അറിയിച്ചു.

Source: Dubai Media Office.

കുട്ടികൾക്കായുള്ള ‘ദി സ്മർഫസ്’ എന്ന കോമിക് കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പൂക്കളാൽ തീർത്ത അലങ്കാരങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്. ഇതിന്റെ ഭാഗമായി ‘സ്മർഫ് വില്ലേജ് അട്രാക്ഷൻ ഏരിയ’ എന്ന പേരിലുള്ള ഒരു പ്രത്യേക ഇടം തന്നെ മിറക്കിൾ ഗാർഡനിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്മർഫ് കോമിക്കുകളിൽ കണ്ട് വരുന്ന നിരവധി കൂൺ രൂപത്തിലുള്ള വീടുകൾ സന്ദർശകർക്ക് പര്യവേക്ഷണം നടത്താവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു.

ഇതിന് പുറമെ പുതിയ ഒരു 3-ഡി ക്ലോക്ക്, ഫൗണ്ടനോട് കൂടിയ ഒരു ഫ്‌ളോട്ടിങ്ങ് റോക്ക്, പൂക്കളാൽ തീർത്ത മയിൽ രൂപങ്ങൾ, 15 മീറ്റർ അടി ഉയരമുള്ള ഒരു ജീനി രൂപം, ഫ്ലയിങ്ങ് മാജിക് കാർപറ്റ് മുതലായ പ്രദർശനങ്ങൾ ഈ വർഷത്തെ പ്രത്യേകതകളാണ്. മിറക്കിൾ ഗാർഡനിൽ നിലവിലുള്ള പൂക്കളാൽ തീർത്ത എമിറേറ്സ് A380 വിമാനം, ബാലെ നർത്തക രൂപങ്ങൾ തുടങ്ങിയവയും സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:

  • ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
  • വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ: രാവിലെ 9.00 – രാത്രി 11.00 വരെ.

കൂടുതൽ വിവരങ്ങൾ https://www.dubaimiraclegarden.com/ എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്.