ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട്, COVID-19 രോഗവ്യാപനം തടയുന്നതിനും, തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി അറേബ്യ ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടം തയ്യാറാക്കി. സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളാണ് (Weqaya) ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. രോഗബാധ പകരുന്നതിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പെരുമാറ്റച്ചട്ടം തയ്യാറാക്കിയിട്ടുള്ളത്.
ഈ വർഷത്തെ ഹജ്ജ്, നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി നേരത്തെ സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. പരിമിതമായ അളവിൽ, ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഇത്തവണത്തെ ഹജ്ജ് കര്‍മം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കനുസൃതമായിട്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അനുവദിക്കുക എന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയയും, സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്തനും ചേർന്ന് സംയുക്തമായി ജൂൺ 23-നു അറിയിച്ചിരുന്നു.
ഈ തീരുമാനങ്ങൾ പ്രയോഗികമാക്കുന്നതിനായി, തീർത്ഥാടകരും, ഹജ്ജുമായി ബന്ധപ്പെട്ട ജീവനക്കാർ, പ്രവർത്തകർ മുതലായവരും പാലിക്കേണ്ടതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പെരുമാറ്റച്ചട്ടമാണ് അധികൃതർ ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് പ്രകാരം ജൂലൈ 19 മുതൽ ഓഗസ്റ്റ് 2 വരെ മിന, മുസ്ദലിഫ മുതലായ മേഖലകളിലേക്ക് പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കും. വിവിധ ഭാഷകളിലായി തയ്യാറാക്കിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, മുതലായവ എല്ലായിടങ്ങളിലും പ്രദർശിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സമൂഹ അകലം പാലിക്കുന്നതിനായി തീർത്ഥാടകരെ ചെറു സംഘങ്ങളാക്കി തിരിച്ചായിരിക്കും പ്രവേശിപ്പിക്കുക.
തീർത്ഥാടകർ, ജീവനക്കാർ മുതലായ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക്, പ്രത്യേക ആരോഗ്യ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും തീർത്ഥാടനം അനുവദിക്കുക. തീർത്ഥാടനത്തിനിടെ, അടിയന്തിരമായ ചികിത്സകൾ ആവശ്യമായി വരുന്നവർക്കായി പ്രത്യേക ആശുപത്രികളും, ഐസൊലേഷൻ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
തീർത്ഥാടകരുടെ താമസയിടങ്ങൾ, ഭക്ഷണ സംവിധാനങ്ങൾ, യാത്രാ സൗകര്യങ്ങൾ, തീർത്ഥാടന ക്രമം മുതലായ ഓരോ നടപടികൾ സംബന്ധിച്ചും വിശദമായ നിർദ്ദേശങ്ങളാണ് അധികൃതർ തയ്യാറാക്കിയിരിക്കുന്നത്.