COVID-19 വാക്‌സിൻ: മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സന്നദ്ധസേവകരാകാൻ താത്പര്യമുള്ളവർക്കായി വെബ്സൈറ്റ് ആരംഭിച്ചു

GCC News

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ താത്പര്യമുള്ള സന്നദ്ധസേവകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ആദ്യ ഭാഗത്തിൽ, പരീക്ഷണ ഫലങ്ങളുടെ ദൃഢത ഉറപ്പുവരുത്തുന്നതിനായി, കുറഞ്ഞത് 5000 സന്നദ്ധസേവകരെയാണ് ഉൾപ്പെടുത്തുന്നത്. വാക്സിൻ പരീക്ഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്ക് 4humanity.ae എന്ന വിലാസത്തിൽ തങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നിലവിൽ അബുദാബിയിലോ, അൽ ഐനിലോ താമസിക്കുന്ന 18-നും 60-നും ഇടയിൽ പ്രായമുള്ള ഏതു രാജ്യക്കാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും, പൂർണ്ണമായി ആരോഗ്യവാന്‍മാരുമായവരിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. സന്നദ്ധ അറിയിക്കുന്നവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും വാക്സിൻ പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുക. 02 819 1111 എന്ന പ്രത്യേക ഹോട്ട് ലൈൻ സംവിധാനവും ഇതിനായി ഒരുക്കിയിട്ടുണ്ട്.

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) സംയുക്തമായി നടത്തുന്ന ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വാക്സിൻ കുത്തിവെപ്പ് കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.

അബുദാബി ഹെൽത്ത് സർവീസസ്, SEHA-യിലെ ആരോഗ്യ പരിശീലകരാണ് ഈ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്. ഇതിനായി SEHA തങ്ങളുടെ അബുദാബിയിലെയും അൽ ഐനിലെയും അഞ്ച് ക്ലിനിക്കുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഒരു മൊബൈൽ ക്ലിനിക്കും സേവനങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്.

200-ൽ പരം രാജ്യങ്ങളിൽ നിന്നുള്ളവർ നിവാസികളായിട്ടുള്ള രാജ്യമാണെന്നത് നൽകുന്ന, നരവംശപരമായ വൈവിധ്യം യു എ ഇയിൽ നടക്കുന്ന വാക്സിൻ പരീക്ഷണങ്ങൾക്ക് കൂടുതൽ ശക്തി നൽകും. ആഗോളതലത്തിലെ ജനവിഭാഗങ്ങളിൽ ഈ വാക്സിന്റെ വിജയത്തിന് പങ്കുവഹിക്കാവുന്ന ഘടകങ്ങളെപ്പറ്റി പഠനങ്ങൾ നടത്തുന്നതിനും ഈ വൈവിധ്യം സഹായകമാണ്.