ഒരു ബ്ലാക്ക് & വൈറ്റ് കുട പുരാണം

Ezhuthupura

കുറച്ചു ദിവസമായി കുട്ടികാലത്തെ ഓർമ്മകളാണ് മനസ്സ് നിറയെ… സമയം തള്ളിനീക്കാനായി ഉപയോഗിച്ചിരുന്ന സമൂഹമാധ്യമങ്ങളിൽ നിന്നും, വാർത്ത കോലാഹലങ്ങളിൽ നിന്നും പിൻവലിഞ്ഞതായിരിക്കാം ഇപ്പോൾ മനസ്സിന് എന്തെന്നിലാത്ത ഒരു സ്വസ്ഥത… പണ്ട് രായിരനെല്ലൂർ എ യു പി സ്കൂളിൽ എൻറെ ക്ലാസ് ടീച്ചറായിരുന്ന അനിത ടീച്ചർ മരണപ്പെട്ടു എന്ന വാർത്ത മനസ്സിനെ സ്പർശിച്ച നിമിഷം… മനസ്സിൽ ടീച്ചറുടെ ആത്മാവിനു നിത്യശാന്തിക്കായി എല്ലാ പ്രാർത്ഥനകളും. സ്കൂളിൽ പോകുന്നതും, പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അറിവില്ലാത്തൊരു കാലം, അതായിരുന്നു എൻറെ ബാല്യം… ഇന്നലെ ടീച്ചറെ കുറിച്ച് ഓർത്തതുകൊണ്ടായിരിക്കാം ഈ ഓർമ്മ പുതുക്കൽ…

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻറെ സുന്നത്ത് കല്യാണം കഴിഞ്ഞു… സ്കൂളിൽ തിരിച്ചു ചെല്ലുന്ന ദിവസം…

അന്നെല്ലാം ഏതെങ്കിലും ടീച്ചർ അവധിയിലാകുമ്പോൾ ക്ലാസുകൾ തമ്മിൽ യോജിപ്പിച്ചു കൂടുതൽ കുട്ടികളുള്ള വലിയ ക്ലാസ് ആക്കിമാറ്റും. ക്ലാസ് നിറച്ചും കുട്ടികൾ, ഞാൻ ഏറ്റവും പുറകിലുള്ള ബെഞ്ചിൽ പോയി സ്ഥാനമുറപ്പിച്ചു. ടീച്ചർമാർ അവരുടെ സർവ്വ ശക്തിയുമെടുത്തു പറഞ്ഞെങ്കിലെ പുറകിലിരിക്കുന്ന കുട്ടികൾക്കൊക്കെ കേൾക്കു… തിരിച്ചും. ടീച്ചർക്ക് വേണ്ടത്ര ശ്രദ്ധകിട്ടാത്തതു കൊണ്ട് ആ തണലിൽ ഞങ്ങൾ പൂജ്യം വെട്ടിക്കളിയും, പേന തട്ടിക്കളിയും ഒക്കെ ആയി കൂടും. ടീച്ചർ ഒന്ന് പോയിട്ടുവേണം പുസ്തകം മടക്കി വച്ച് കളിക്കാൻ ജനൽ വഴി ചാടാൻ എന്നായിരുന്നു അന്നത്തെ എന്റെയും കൂടെയുള്ള കൂട്ടുകാരുടെയും ഏക ചിന്ത.

അന്നെല്ലാം ഇന്നുള്ളപോലെ സൗകര്യങ്ങളൊന്നുമില്ലല്ലോ; കൂടുതൽ പേരുടെയും കൂട്ടുകാരൻ ദാരിദ്ര്യമായിരുന്നു. ക്ലാസ്സിൽ വൃത്തിയുള്ള ട്രൗസറും ഷർട്ടും ഇട്ടുവന്നിരുന്ന ചുരുക്കം കുട്ടികളിൽ രാജേഷും, വിനീതും ആണ് അന്നത്തെ മുൻ നിര ബഞ്ചുകാർ. ക്ലാസ്സിൽ ഏറ്റവും പ്രായവും, ഒരേ ക്ലാസ്സിൽ ഏകദേശം മൂന്നോ നാലോ വർഷത്തെ പ്രവർത്തനപരിചയവും നേടിയ കുട്ടി എന്ന നിലയിലാവാം മുസ്തഫയെ ആണ് ടീച്ചർ ക്ലാസ് ലീഡറാക്കിയത്… ഇത്തവണ ലീവിന് പോയപ്പോൾ മുസ്തഫയെ കണ്ടു, ജീവിത സ്കൂളിൽ ഇന്നദ്ദേഹം പന്തല് പണിക്കാരനാണ്… പഴയ സൗഹൃദത്തിൽ ഒരു ലേശം പോലും ഉലച്ചിൽ വന്നിട്ടുണ്ടായിരുന്നില്ല, സ്കൂൾ ബന്ധങ്ങൾ അങ്ങിനെയാണ്, കാരണം നിഷ്കളങ്കമായ സൗഹൃദം എന്നൊന്നല്ലാതെ അതിൽ പ്രത്യേക ഉടമ്പടികൾ ഒന്നും തന്നെ ഉണ്ടാകില്ല.

കൂടുതൽ കുട്ടികളുള്ള ക്ലാസ്സായതുകൊണ്ടായിരിക്കാം, ടീച്ചർ രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് എന്നെ ശ്രദ്ധിച്ചത്. “അബ്‌ദു എവിടെയായിരുന്നു കുറച്ചു ദിവസം?” , പുറകിൽ നിന്ന് എഴുന്നേറ്റു ഉറക്കേ പറഞ്ഞു “എന്റെ സുന്നത്ത് കല്യാണാർന്നു ടീച്ചറെ!” നിഷ്‌കളങ്കമായ ആ ഉത്തരം കേട്ട് ആൺകുട്ടികളും പെൺകുട്ടികളും നിറഞ്ഞ ആ ക്ലാസ്സിൽ ഒരു കൂട്ട ചിരിയുയർന്നു, കൂട്ടത്തിൽ ടീച്ചറും ചിരിച്ചുകൊണ്ട് പറഞ്ഞു “ഇരുന്നോളൂ.” . എല്ലാം വളരെ തെളിച്ചത്തിൽ ഓർമ്മയിൽ നിലനിൽക്കുന്നു , ഇന്നലെ കഴിഞ്ഞ പോലെ.

ഇന്നിപ്പോൾ ജോലിയുടെ തിരക്കായി, ഉത്തരവാദിത്വമായി. എന്നാലും ഇത്തരം ഓർമ്മകളെ ഓർക്കാനായി ഇപ്പോൾ സമയം കണ്ടെത്തുന്നു. അങ്ങിനെയുള്ള രസകരവും, അതേസമയം ആ കാലത്തു മനസ്സിൽ ഒരുപാട് സംഘർഷങ്ങൾക്കും ഇടയാക്കിയ, “ഒരു ബ്ലാക്ക് & വൈറ്റ് കുട പുരാണം” ആയിക്കോട്ടെ അടുത്തത്.

അങ്ങിനെ മഴക്കാലമായി, സ്കൂളിൽ പോകാൻ സ്വതവേ മടിയുള്ള അക്കാലത്തു കുടയില്ലെങ്കിലോ!, “ഉമ്മാ, എനിക്കൊരു കുടവേണം, മേടിച്ചേരോ?”. ഇതിനു മുന്നേ ഒരു കോലൈസു മേടിക്കാൻ അമ്പതു പൈസ ചോദിച്ചപ്പോൾ പഴയ സാധനങ്ങളും, പേപ്പറുകളും ഇട്ടുവെക്കുന്ന ഉപ്പാന്റെ മേശ തപ്പി 25 പൈസ എടുത്തു തന്ന ഉമ്മാക്ക് ഞെട്ടാൻ ഈ ചോദ്യം തന്നെ ധാരാളം. അന്നൊക്കെ അവസ്ഥ അങ്ങിനെയാണ്… ഉമ്മാടെ കയ്യിൽ കാശ് ഉണ്ടായിരിക്കില്ല എന്നൊന്നും ചിന്തിക്കാനുള്ള ക്ഷമയൊന്നും ഇല്ലല്ലോ, കുട്ടിക്കാലമല്ലേ ! എന്തായാലും ഉമ്മ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ സ്കൂളിൽ പോവാൻ ഒരുങ്ങി. മനസ്സ് മുഴുവൻ പുതിയ കുട കിട്ടുമല്ലോ എന്ന ചിന്ത മാത്രം, അതും പിടിച്ചു ഗമയിൽ സ്കൂളിൽ പോണം.

“കുട നന്നാക്കാനുണ്ടോ കുട…”, ഇന്നത്തെ തലമുറയ്ക്ക് ഈ ശബ്ദം അത്ര പരിചിതമായിരിക്കില്ല, കാരണം പലതരം കുടകളാണ് ഇന്ന് വിപണിയിൽ. ഫോണുള്ളത്, പീപ്പിയുള്ളത് എന്തിനധികം കുട്ടികൾ എവിടെ എന്ന് മൊബൈലിൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാൻ കഴിയുന്ന കുടകൾ വരെ ഇറങ്ങിയിരിക്കുന്നു എന്നാണു അറിയുന്നത്, ഇന്നിപ്പോൾ ഒരു കുട കേടായാൽ ഉടനെ പുതിയ ഒന്ന് മേടിക്കുക എന്ന ചിന്തയാണ് പലരിലും കാണുന്നത്, അതുകൊണ്ടു തന്നെ കുട നന്നാക്കുന്നവരും, ചെരുപ്പുകുത്തികളും നന്നേ കുറഞ്ഞു വരുന്നു. എന്തായാലും ഉമ്മ കുട നന്നാക്കുന്നവരിൽ നിന്നും ഒരെണ്ണം എങ്ങിനെയോ വില പേശി മേടിച്ചു. ഞാൻ അന്ന് വൈകീട്ട് സ്കൂൾ വിട്ട് വന്നപ്പോളുണ്ട് ഉമ്മുറത്ത് ഒരു നീളൻ കുട.

ഉമ്മ വലിയ സന്തോഷത്തിൽ അതെടുത്തു നീട്ടി, എനിക്ക് അത്ര വലിയ സന്തോഷമൊന്നും വന്നില്ല കാരണം ഞാൻ ഉദ്ദേശിച്ചത് സ്വിച്ചിട്ടാൽ നിവരുന്ന ചെറിയ കുടയാണ്. എന്നാലും പുറമെ കാണിച്ചില്ല. ഉമ്മാ കഷ്ട്ടപെട്ടു മേടിച്ചതല്ലേ, അതുമല്ല സ്വന്തമായൊരു കുടയുമായല്ലോ. ഇനി വേണ്ടത് മഴയാണ്, “ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്” എന്ന് പറഞ്ഞപോലെ കുട കിട്ടിയപ്പോൾ മഴയും പെയ്യുന്നില്ല. കൂട്ടുകാരെ കാണിക്കാനായി വെറുതെ കൊണ്ടുപോകാമെന്ന് കരുതിയപ്പോൾ ഉമ്മാ സമ്മതിക്കുന്നുമില്ല, എവിടെങ്കിലും വച്ചു മറന്നെങ്കിലോ എന്നാണു ഉമ്മയുടെ പേടി. കഷ്ട്ടപെട്ടു മേടിച്ച മൊതലല്ലേ, അസൂയക്കാർ കണ്ടാലെടുത്തേക്കും.

ഞാൻ സ്കൂളിൽ പോയ നേരം ഉമ്മാ ആലോചിച്ചു കണ്ടുപിടിച്ച ഒരു സൂത്രം, വീടിന്റെ ജനലഴിക്കു പെയിൻറ് അടിക്കാൻ വേണ്ടി കൊണ്ടുവന്ന വെള്ള പെയിന്റ് എടുത്ത് കുടയുടെ മുകളിൽ വലിയ അക്ഷരത്തിൽ നല്ലവണ്ണം കാണത്തക്ക രീതിയിൽ എൻറെ പേരിന്റെ ഓരോ അക്ഷരവും എണ്ണിപ്പെറുക്കി എഴുതി നിരത്തി, ഉമ്മയുടെ കണക്കിൽ 5 ശീലയുള്ള കുടയ്ക്ക് ഒരക്ഷരം കൂടുതലാണ് അവസാന അക്ഷരം ലേശം ചെറുതാക്കി രണ്ടക്ഷരവും കൂട്ടി ഒരു കട്ടയിൽ ഒതുക്കി.

കറുപ്പിൽ വെള്ള പെയിന്റിൽ വലിയ അക്ഷരങ്ങൾ, ആ കുട എന്റേതല്ലെന്നു ആ നാട്ടിലുള്ള ഒരാളും ഇനി പറയില്ല. സ്കൂൾ വിട്ടുമടങ്ങി വന്ന ഞാൻ എൻറെ പേരെഴുതിയ കുട കണ്ട് ഞെട്ടിപ്പോയി. ഈ കുടയുമായി സ്കൂളിൽ പോകുന്നതാലോചിച്ചു ഒരെത്തും പിടിയും കിട്ടുന്നില്ല. സങ്കടം അണപൊട്ടിയൊഴുകി, എൻറെ സങ്കടം കണ്ടപ്പോൾ ഉമ്മയ്ക്കും വിഷമായിക്കാണും. പിറ്റേന്ന് സ്കൂളിൽ പോകുമ്പോൾ നല്ല മഴയും, ഉള്ള വിഷമം ഇരട്ടിയായി, എല്ലാം മനസ്സിൽ ഒതുക്കി കുടയെടുക്കാതെ ആ മഴയത്തിറങ്ങി ഓടി.

എൻറെ സങ്കടം കണ്ടു വിഷമിച്ച ഉമ്മാ കൂലംകഷമായി ചിന്തിച്ചു ഒരു പോംവഴി കണ്ടെത്തി. ജനാല അഴിക്കടിക്കാൻ ബാക്കി മേടിച്ച കറുപ്പ് ചായമെടുത്തു ആ വെള്ള അക്ഷരങ്ങളെ മായ്ക്കുക എന്നതായിരുന്നു ആ വഴി. തിരിച്ചു വന്നപ്പോൾ പെയിൻറ് ഉണങ്ങാൻ വെച്ച എൻറെ കുട കണ്ടപ്പോൾ എൻറെ സങ്കടമെല്ലാം മാറി ചിരി വന്നുപോയി. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞപോലെ പാവം കുട. ഭാഗ്യം ജനലിനു കറുപ്പും വെള്ളയും മാത്രം നിറങ്ങൾ കൊടുക്കാൻ ഉപ്പ തീരുമാനിച്ചത്, അല്ലെങ്കിൽ ചിലപ്പോൾ കുടയ്ക്ക് ഫാഷൻ നിറങ്ങളായേനെ. എന്തായാലും ഞാൻ പതുക്കെ ആ കുടയെ ഇഷ്ടപ്പെടാൻ തുടങ്ങി, നല്ല മഴയുള്ള ദിവസം ഞാൻ ആദ്യമായി അവനെ എൻറെ ക്ലാസ്സിലേക്കും കൊണ്ടുപോയി. കൂട്ടുകാരൊക്കെ കളിയാക്കിയെങ്കിലും അതൊന്നും എന്നെയായിരിക്കില്ല എന്ന് ചിന്തിച്ചു ആ കുടയും ചൂടി നടന്നു.

പരീക്ഷ കഴിഞ്ഞ ദിവസം സ്കൂൾ പൂട്ടിയ സന്തോഷത്തിൽ കുടയെടുക്കാൻ മറന്നു വീട്ടിലേക്കോടി, പിന്നീട് അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നതുവരെ മനസ്സിൽ മുഴുവൻ ആ കുട അവിടെ തന്നെയുണ്ടായിരിക്കണം എന്ന ചിന്തയായിരുന്നു. സ്കൂളിലെത്തിയതും മൂന്നാം ക്ലാസ്സിലെ ബെഞ്ചിനടിയിൽ അതാ അവൻ സുരക്ഷിതമായി ഇരിക്കുന്നു. ഓടിപ്പോയെടുത്തു, അപ്പോളാണ് ഞാൻ ആ ആഗ്രഹത്തിന് കൊടുത്തിരുന്ന വില മനസ്സിലായത്. കുറച്ചു കൂടി വലുതായി പിന്നീട് ആലോചിക്കുമ്പോൾ എൻറെ ഉമ്മാ അത് വാങ്ങാൻ കൊടുത്ത പൈസയുടെ മൂല്യവും, എൻറെ ആഗ്രഹം നിറവേറ്റാനായി കഷ്ടപ്പെട്ടതിന്റെ വിലയും മനസ്സിലാവുന്നു.

ഒരു മധുരമായി എന്നും ഈ ഓർമ്മ എന്നിൽ നിലനിൽക്കട്ടെ. കണ്ണടച്ചിരിക്കുമ്പോൾ മനസ്സിൽ ഒരു മഴ പെയ്തിറങ്ങിയ സുഖം.

അബ്ദുൽ റൗഫ് തിരുത്തുമ്മൽ – അബുദാബി

Leave a Reply

Your email address will not be published. Required fields are marked *