കുട്ടികഥകളുടെ സമാഹാരവുമായി ദുബായ് ഭരണാധികാരി

featured GCC News

തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുട്ടികൾക്കായി രചിച്ച കഥകളുടെ സമാഹാരം ഗവണ്മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) പുറത്തിറക്കി. ‘എന്റെ ചെറിയ ലോകം’ (‘My Little World’) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പുസ്തകത്തിൽ ഷെയ്ഖ് മുഹമ്മദ് രചിച്ച അഞ്ച് കുട്ടികഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ജനുവരി 9-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അൽ ഹുദൂദ് പബ്ലിഷിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷനുമായി സംയുക്തമായാണ് GDMO ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

“വായനയിലൂടെ കുട്ടികളുടെ മനസ്സും, ചിന്തകളും സമ്പന്നമാകുമെന്നും, വായന നമ്മുടെ ഭൂതകാലത്തെ ജീവിതങ്ങളിലേക്കും, അനുഭവങ്ങളിലേക്കും വെളിച്ചം വീശുന്ന വിസ്‌മയജനകമായ പര്യടനങ്ങളിലേക്ക് കുട്ടികളുടെ ചിന്തകളെ കൂട്ടികൊണ്ടുപോകുമെന്നും”, എല്ലാ കുട്ടികൾക്കുമായി ഈ കഥകൾ സമർപ്പിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്‌മരണയിലുള്ള അനുഭവങ്ങളെ പകർത്തിയിട്ടുള്ള ഈ പുസ്തകത്തിൽ, തന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിച്ച പാഠങ്ങൾ പകർന്ന് നൽകിയ വിവിധ അനുഭവങ്ങളും, സന്ദർഭങ്ങളും അദ്ദേഹം കുട്ടികൾക്കായി വർണ്ണിക്കുന്നു. ഈ അനുഭവങ്ങൾ തന്റെ ജീവിത വീക്ഷണങ്ങളും, മൂല്യങ്ങളും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ പുതിയ കഴിവുകളിൽ നൈപുണ്യം നേടുന്നതിൽ ചെറുപ്പകാലത്ത് താൻ പ്രകടമാക്കിയിരുന്ന സഹജമായ ആകാംഷ, സാഹസിക പ്രവർത്തികളോട് പുലർത്തിയിരുന്ന അക്ഷീണിതമായ മനോഭാവം എന്നിവ വലിയ സ്വപ്നങ്ങൾ കാണുന്നതിന് തന്നെ പാകപ്പെടുത്തിയതായി അദ്ദേഹം പുസ്തകത്തിന്റെ അവതാരികയിൽ കുറിക്കുന്നു. ഈ കഥകൾ “ബൃഹത്തായ സ്വപ്നങ്ങൾക്ക് അതിരുകളില്ല” എന്ന പാഠം കുട്ടികളിലേക്ക് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘Camping with Scorpions’ എന്ന കഥ അദ്ദേഹത്തെ ചെറുപ്പത്തിൽ വേട്ടയാടാനും, ഫാൽക്കൺ പക്ഷികളെ പരിശീലിപ്പിക്കാനും, ചികിത്സിക്കാനും പഠിപ്പിച്ച, അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഹുമൈദുമൊത്തുള്ള അനുഭവങ്ങളെക്കുറിച്ചാണ്. ‘My First Horse’ എന്ന കഥ ആത്മസമര്‍പ്പണം, സ്ഥിരോത്സാഹം, ക്ഷമ മുതലായ മൂല്യങ്ങളെ എടുത്തുകാണിക്കുന്നു. ‘My Friend, the Lion’ എന്ന കഥയിലൂടെ അദ്ദേഹം ബാല്യകാല സൗഹൃദത്തിന്റെ തീക്ഷ്ണത വർണ്ണിക്കുന്നു. ‘My Mother, Like No Other’ എന്ന കഥ ഓരോരുത്തരുടെയും ജീവിതത്തിൽ അമ്മമാർ വഹിക്കുന്ന, തല്‍സ്ഥാനത്ത്‌ മറ്റൊരാളെ മാറ്റി പ്രതിഷ്‌ഠിക്കാനാകാത്ത പ്രാധാന്യത്തിന്റെ സ്മരണയാണ്.

രസകരമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ഈ കഥകളിൽ മനുഷ്യ ബന്ധങ്ങൾ, പഠനം, മരുഭൂമി മുതലായവയെക്കുറിച്ചുള്ള സൂക്ഷ്‌മ നിരീക്ഷണങ്ങൾ ദൃശ്യമാണ്. 6 മുതൽ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഈ പുസ്തകം ലക്ഷ്യമിടുന്നു. അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഈ പുസ്തകം ലഭ്യമാണ്. എമിറാത്തി ഇലസ്റ്റ്റേറ്ററായ അബ്ദുല്ല മുഹമ്മദ് അൽ ഷർഹാനാണ് ഈ പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.