നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയെ പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക പ്രദർശനം ആരംഭിച്ചു

featured UAE

നിർമ്മാണത്തിലിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ഭാഗമായി ഒരുങ്ങുന്ന കാഴ്ച്ചകളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൂചന നൽകുന്നതിനായുള്ള പ്രത്യേക പ്രദർശനം അബുദാബിയിൽ ആരംഭിച്ചു. 2022 ഏപ്രിൽ 6 മുതൽ മെയ് 12 വരെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലെ മനാരത്‌ അൽ സാദിയതിലാണ് ഈ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്.

ഈ പ്രത്യേക പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അബുദാബി മീഡിയ ഓഫീസ് ഏപ്രിൽ 8-ന് പങ്ക് വെച്ചിട്ടുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിലെ ശേഖരത്തിൽ നിന്നുള്ള പ്രധാന ആകർഷണങ്ങളെ പൊതുജനങ്ങൾക്ക് അടുത്തറിയുന്നതിന് ഈ പ്രദർശനം അവസരം നൽകുന്നു.

67 ദശലക്ഷം വർഷം പഴക്കമുള്ള ലോകപ്രശസ്തമായ ‘സ്റ്റാൻ’ എന്ന ടൈറനോസോറസ് റെക്‌സ് ദിനോസർ ഫോസിൽ, 40 വർഷങ്ങൾക്ക് മുമ്പ്, ഓസ്‌ട്രേലിയയിൽ പ്രസിദ്ധമായി ക്രാഷ്-ലാൻഡ് ചെയ്‌തതും അതിനുശേഷം ആദ്യകാല സൗരയൂഥത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് വെളിപ്പെടുത്തിയതുമായ അസാധാരണമായ മർച്ചിസൺ ഉൽക്കാശിലയുടെ മാതൃക തുടങ്ങിയ ആകർഷണങ്ങളെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രത്യേക പ്രദർശനം.

ഇതോടൊപ്പം 2025 അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടൊരുക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും, മ്യൂസിയത്തിന് പിന്നിലെ കഥയെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിനും കൂടിയാണ് ഈ പ്രത്യേക പ്രദർശനം ഒരുക്കുന്നത്.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചിരുന്നു. പണി പൂർത്തിയാക്കുമ്പോൾ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മ്യൂസിയമായിരിക്കും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി.