ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി അറിയിപ്പ്

GCC News

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2022 ഏപ്രിൽ 7-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

എംറ്റി ക്വാർട്ടർ ഹൈവേയുടെ ഇബ്രി വിലായത്തിലെ തമാം റൌണ്ട് എബൗട്ട് മുതൽ എംറ്റി ക്വാർട്ടർ ക്രോസിംഗ് വരെയുള്ള മേഖലയിലാണ് ഒമാൻ അറ്റകുറ്റപ്പണികൾ നടത്തുന്നത്. 148 കിലോമീറ്റർ നീളമുള്ള ഈ മേഖലയിൽ റോഡിലെ അടയാള ചിഹ്നങ്ങൾ പുതുക്കി വരയ്ക്കുക, വഴിയടയാള ബോർഡുകൾ പുനഃസ്ഥാപിക്കുക, റോഡിനു ഇരുവശത്തുമുള്ള റിഫ്ളക്ടറുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ അറ്റകുറ്റപ്പണികളാണ് മന്ത്രാലയം നടത്തുന്നത്.

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ 2021 ഡിസംബർ 7-നാണ് ഉദ്‌ഘാടനം ചെയ്തത്. ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്. ഈ ഹൈവേയുടെ 580 കിലോമീറ്റർ സൗദി അറേബ്യയിലും, 160 കിലോമീറ്റർ ഒമാനിലും സ്ഥിതി ചെയ്യുന്നു.