ആദ്യത്തെ 24 ദിവസത്തിനുള്ളിൽ 1.5 ദശലക്ഷത്തോളം പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു

UAE

സന്ദർശകർക്കായി 2021 ഒക്ടോബർ 1-ന് തുറന്ന് കൊടുത്ത ശേഷം ആദ്യത്തെ 24 ദിവസത്തിനുള്ളിൽ 1471314 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ വേദി സന്ദർശിക്കുന്ന ആഗോള ഡിജിറ്റൽ പ്രേക്ഷകരുടെ എണ്ണവും ദിനംപ്രതി വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 1 മുതൽ 10.8 ദശലക്ഷം വെർച്വൽ സന്ദർശകരാണ് എക്സ്പോ വേദി ഡിജിറ്റൽ സംവിധാനത്തിലൂടെ സന്ദർശിച്ചത്. പൊതു അവധിയെത്തുടർന്നുള്ള നീണ്ട വാരാന്ത്യം, അർദ്ധകാല സ്കൂൾ ഇടവേള, മികച്ച സംഗീത-സാംസ്കാരിക പ്രകടനങ്ങൾ, എക്സ്പോ സ്പേസ് വീക്ക് എന്നിവ എക്സ്പോ വേദി സന്ദർശിക്കുന്നവരുടെ എണ്ണം ഉയരുന്നതിന് കാരണമായി.

ലോകത്തിലെ അടുത്ത വലിയ നിക്ഷേപ മേഖലയായി കരുതുന്ന ബഹിരാകാശ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദുബായ് ചേംബർ ഓഫ് കൊമേഴ്സ്, യു എ ഇ സ്പേസ് ഏജൻസി, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ എന്നിവർ ഈ പ്രധാന മേഖലയുടെ വാണിജ്യവൽക്കരണം വാഗ്ദാനം ചെയ്യുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് നിരവധി ചർച്ചകൾ നടത്തി. ബഹിരാകാശ അവശിഷ്ടങ്ങളുടെ ആഘാതം, വ്യവസായത്തിന്റെ സമീപകാല സാങ്കേതിക മുന്നേറ്റങ്ങൾ, ബഹിരാകാശത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കുന്ന സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന എണ്ണം തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് സ്‌പേസ് വീക്ക് വേദിയായി.

സന്ദർശകർക്ക് നെബുല സംഗീതം, നക്ഷത്രനിരീക്ഷണങ്ങൾ തുടങ്ങിയ പരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം, യു എ ഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൗരി (ബഹിരാകാശത്തെ ആദ്യ എമിറാത്തി), നോറ അൽ മത്രൂഷി (ആദ്യത്തെ വനിതാ എമിറാത്തി ബഹിരാകാശ സഞ്ചാരി) എന്നിവരിൽ നിന്ന് അവരുടെ ബഹിരാകാശത്തെ അനുഭവങ്ങൾ നേരിട്ട് കേൾക്കുന്നതിനുള്ള അവസരവുമായിരുന്നു സ്‌പേസ് വീക്ക്. അൽ വാസൽ താഴികക്കുടത്തിൽ അവതരിപ്പിക്കപ്പെട്ട ബഹിരാകാശ പ്രമേയത്തിലുള്ള പ്രൊജക്ഷൻ ഷോ, യു എ ഇയുടെ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമായ ദി നൈറ്റ്‌സും, സൗദിയിൽ നിന്നുള്ള സൗദി ഫാൽക്കൺസും എക്‌സ്‌പോ വേദിയ്ക്ക് മുകളിൽ ആകാശത്ത് ഹൃദയസ്പർശിയായ വ്യോമാഭ്യാസ പ്രകടനങ്ങൾ എന്നിവയും എക്സ്പോ വേദിയിലേക്ക് വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.

എക്സ്പോ വേദി സന്ദർശിച്ചവരിൽ നാലിലൊന്ന് സ്കൂൾ കുട്ടികളാണ്. കുട്ടികൾക്കായി രാജസ്ഥാൻ റോയൽസ് ഒരുക്കിയ ക്രിക്കറ്റ് പരിശീലന പരിപാടി, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള പരിശീലകർ ഒരുക്കിയ ടേൺ അപ്പ് & പ്ലേ ഫുട്‌ബോൾ സെഷനുകൾ എന്നിവയ്‌ക്കൊപ്പം അൽ ഫോർസാൻ പാർക്കിലെയും ഡസൻ കണക്കിന് മറ്റ് വേദികളിലെയും കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള ആകർഷണങ്ങൾ എന്നിവ എക്സ്പോ വേദിയിലെത്തിയ കുട്ടികളെ ആവേശത്തിലാഴ്ത്തി.

സന്ദർശകർക്കായി ലോകമെമ്പാടുമുള്ള പ്രതിഭകളുടെ നേതൃത്വത്തിൽ നിരവധി സാംസ്കാരിക പരിപാടികളാണ് എക്സ്പോ വേദിയിൽ ദിനവും അരങ്ങേറുന്നത്. ഇതോടൊപ്പം 200-ൽ പരം പവലിയനുകളും സന്ദർശകർക്കായി മായികകാഴ്ച്ചകളൊരുക്കി കാത്തിരിക്കുന്നു.

അടുത്തിടെ നടന്ന നീണ്ട വാരാന്ത്യത്തിൽ, എക്‌സ്‌പോ 2020 ദുബായിലെ ഓൾ-ഫീമെയിൽ ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രകടനത്തിൽ വലിയ ജനക്കൂട്ടം പങ്കെടുത്തു. അവർ ജൂബിലി സ്റ്റേജിൽ ക്ലാസിക്കൽ സംഗീതവും, ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ രചിച്ച ഒരു സംഗീതവും അവതരിപ്പിച്ചു. ഇതിന് പുറമെ, ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സാമി യൂസഫ് ലോകമെമ്പാടുമുള്ള സംഗീതജ്ഞർക്കൊപ്പം ചേർന്ന് അവതരിപ്പിച്ച ‘ബിയോണ്ട് ദ സ്റ്റാർസ്’ ഷോയും സന്ദർശകരെ ഏറെ ആകർഷിച്ചു.

WAM