ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും പങ്കെടുത്തിട്ടുണ്ട്. ഇത്തവണത്തെ ഉംറ സീസണിൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ 1964964 തീർത്ഥാടകരാണ് ഉംറ അനുഷ്ഠിക്കുന്നതിനായി ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
ഈ സീസണിൽ ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ സൗദിയിലെത്തിയിരിക്കുന്നത്. 551410 തീർത്ഥാടകരാണ് ഉംറ അനുഷ്ഠിക്കുന്നതിനായി ഇന്തോനേഷ്യയിൽ നിന്നെത്തിയിരിക്കുന്നത്.
പാകിസ്ഥാൻ (370083 തീർത്ഥാടകർ), ഇന്ത്യ (230794 തീർത്ഥാടകർ), ഇറാഖ് (150109 തീർത്ഥാടകർ), ഈജിപ്‌ത് എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ തുടർന്ന് സ്ഥാനം പിടിച്ചിട്ടുള്ളത്.