അബുദാബി റെസിഡൻസി വിസക്കാർക്ക് ഷാർജയിലേക്ക് പ്രവേശിക്കാൻ ICA അനുവാദം നിർബന്ധം

GCC News

അബുദാബി, അൽ ഐൻ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഒക്ടോബർ 16-ന് വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയത്.

https://twitter.com/FlyWithIX/status/1317039250139836416

ഈ അറിയിപ്പ് പ്രകാരം അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസ വിസകൾ ഉള്ളവർ യാത്രയ്ക്ക് മുൻപായി http://uaeentry.ica.gov.ae/ എന്ന വിലാസത്തിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ICA അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

ഇത് ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്നതായും എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി. ഷാർജ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന അബുദാബി, അൽ ഐൻ റെസിഡൻസി വിസക്കാർ http://uaeentry.ica.gov.ae/ എന്ന വിലാസത്തിലൂടെ തങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന ICA ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പുറപ്പെടേണ്ടതാണെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ സമാനമായ ഒരു അറിയിപ്പിലൂടെ അബുദാബി, അൽ ഐൻ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ICA മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി എയർ അറേബ്യ അറിയിച്ചിരുന്നു.

Cover Photo: @sharjahairport