ഒമാൻ: 2020-2021 അധ്യയന വർഷം നീട്ടി വെക്കുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

GCC News

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നീട്ടി വെക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അറിയിച്ച മന്ത്രാലയം, ഇത്തരം വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളെ പിന്തുടരാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

ഒമാനിലെ 2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭത്തിലേക്ക് നീട്ടിവെക്കുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു അറിയിച്ചിരുന്നു. തുടർന്ന് പുതിയ അധ്യയന വർഷത്തിൽ, സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം എല്ലാ വിദ്യാലയങ്ങളിലും ഏതാനം ക്ലാസുകൾ വിദൂര വിദ്യാഭ്യാസ രീതിയിലും, ഏതാനം ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടും നൽകുന്ന മിശ്ര രീതിയിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.