അബുദാബി: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

featured GCC News

വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ച ശേഷം അബുദാബിയിലേക്കെത്തുന്നവർക്ക് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്ന രീതിയിൽ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഈ നടപടിക്രമങ്ങൾ സഹായിക്കുന്നതാണ്. 2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രികർക്ക് തങ്ങളുടെ വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള സേവനം നൽകാൻ അബുദാബി സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ കൈവശമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തെളിയിക്കാവുന്നതാണ്:

  • ഇത്തരം യാത്രികർ, അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റിലെ ‘Register Arrivals’ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് ഈ രജിസ്‌ട്രേഷൻ ഫോമിലെ വിവരങ്ങളോടൊപ്പം, തങ്ങളുടെ കൈവശമുള്ള വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ICA സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ഈ നടപടി പൂർത്തിയാക്കുന്നവർക്ക് Alhosn ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു SMS സന്ദേശം ലഭിക്കുന്നതാണ്.
  • ഇവർക്ക് അബുദാബിയിലെത്തിയ ശേഷം, എയർപോർട്ടിൽ നിന്നോ, ICA ആപ്പിലൂടെയോ, വെബ്സൈറ്റിലൂടെയോ ഒരു യൂണിഫൈഡ് ഐഡന്റിഫിക്കേഷൻ നമ്പർ (UID) നേടാവുന്നതാണ്.
  • ഈ UID ലഭിച്ച ശേഷം യാത്രികർ തങ്ങളുടെ ഫോണിൽ Alhosn അപ്പ് ഡൌൺലോഡ് ചെയ്യേണ്ടതും, ഇൻസ്റ്റാൾ ചെയ്യേണ്ടതുമാണ്. തുടർന്ന് തങ്ങളുടെ UID നമ്പർ, ICA രെജിസ്ട്രേഷനിൽ ഉപയോഗിച്ച ഫോൺ നമ്പർ എന്നിവ നൽകിക്കൊണ്ട് Alhosn ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ലഭിക്കുന്ന OTP നൽകിക്കൊണ്ട് Alhosn ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
  • ഈ നടപടികൾ പൂർത്തിയാക്കുന്ന യാത്രികർക്ക് അബുദാബിയിൽ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനും, വാക്സിനേഷൻ വിവരങ്ങൾ, PCR ടെസ്റ്റ് റിസൾട്ട്, യാത്രാ സംബന്ധമായ മറ്റു പരിശോധനാ ഫലങ്ങൾ, QR കോഡ് എന്നിവ ലഭിക്കുന്നതിനും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ അബുദാബി തീരുമാനിച്ചിട്ടുണ്ട്.