എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട COVID-19 സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി. എമിറേറ്റിൽ ഇത്തരം ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ, പരിപാടികളുടെ സംഘാടകർ തുടങ്ങിയവർക്കായി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് DCT ഇത് സംബന്ധിച്ച നിബന്ധനകൾ വ്യക്തമാക്കിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ സംഘടിപ്പിക്കപ്പെടുന്ന മുഴുവൻ പുതുവർഷ ആഘോഷപരിപാടികൾക്കും താഴെ പറയുന്ന സുരക്ഷാ നിബന്ധനകൾ ബാധകമാണ്:
- ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രീൻ പാസ് മാനദണ്ഡങ്ങൾ ബാധകമാക്കിയിട്ടുണ്ട്.
- ഇത്തരം ആഘോഷവേദികളിലേക്കുള്ള പ്രവേശനം EDE സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധന, ശരീരോഷ്മാവ് പരിശോധന തുടങ്ങിയ മുൻകരുതലുകൾ പാലിച്ചായിരിക്കും.
- ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാണ്.
- ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും 96 മണിക്കൂറിനിടയിൽ ലഭിച്ച നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.
- ഇത്തരം ആഘോഷങ്ങൾ നടക്കുന്ന വേദികളിലേക്ക് പരമാവധി 60 ശതമാനം സന്ദർശകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
- ഇത്തരം വേദികളിലെത്തുന്നവർ തമ്മിൽ ചുരുങ്ങിയത് 1.5 മീറ്റർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്.
- ഇത്തരം വേദികളിലേക്കുള്ള എൻട്രി/ എക്സിറ്റ് എന്നിവ കൃത്യമായ പദ്ധതികൾ പ്രകാരമായിരിക്കണം.
- സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.
- ഇത്തരം വേദികൾ കൃത്യമായ രീതിയിൽ അണുവിമുക്തമാക്കേണ്ടതാണ്.
- ഇത്തരം വേദികളിൽ മുൻകരുതൽ നടപടികൾ കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തേണ്ടതാണ്.
- ഇത്തരം വേദികളിൽ ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് ഒരുമിച്ച് ഇരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഇത്തരം ആഘോഷ വേദികളിൽ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും DCT അറിയിച്ചിട്ടുണ്ട്.
Cover Image: WAM.