അബുദാബി: പുതിയ മൂന്ന് COVID-19 പരിശോധനാ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഔദ്യോഗിക അംഗീകാരം നൽകി

GCC News

COVID-19 പരിശോധനകൾക്ക് ഉപയോഗിക്കുന്ന മൂന്ന് പുതിയ ടെസ്റ്റിംഗ് നടപടികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. എമിറേറ്റിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും, അത്യാഹിത വിഭാഗങ്ങളിലും, അടിയന്തിര ചികിത്സാ കേന്ദ്രങ്ങളിലും എത്തുന്ന രോഗികളിൽ കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായാണ് ഈ ടെസ്റ്റിംഗ് നടപടികൾ ഉപയോഗിക്കാൻ DoH അനുമതി നൽകിയിരിക്കുന്നത്.

ജനുവരി 24, ഞായറാഴ്ച്ചയാണ് DoH ഇക്കാര്യം അറിയിച്ചത്. ഈ മൂന്ന് പരിശോധനാ മാർഗ്ഗങ്ങളും ആഗോളതലത്തിലുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങളിലൂടെ വികസിപ്പിച്ചവയാണെന്നും, വളരെ കുറഞ്ഞ സമയത്തിൽ രോഗബാധ കണ്ടെത്തുന്നതിന് ഈ ടെസ്റ്റുകൾ മൂലം സാധ്യമാണെന്നും, ഇത് രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നും DoH വ്യക്തമാക്കി.

താഴെ പറയുന്ന മൂന്ന് പരിശോധനാ നടപടികൾക്കാണ് അബുദാബിയിൽ DoH അംഗീകാരം നൽകിയിട്ടുള്ളത്:

  • ആന്റിജൻ പരിശോധന – ഈ ടെസ്റ്റ് മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ച് COVID-19 ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നു. കേവലം 20 മിനിറ്റിനകം രോഗബാധ കണ്ടെത്താൻ ഈ പരിശോധനയിലൂടെ സാധിക്കുന്നതാണ്.
  • RT-LAMP ജനറ്റിക് ടെസ്റ്റ് – PCR പരിശോധനകളെക്കാൾ വേഗത്തിൽ രോഗബാധ സ്ഥിരീകരിക്കാൻ ഈ ടെസ്റ്റ് മൂലം സാധിക്കുന്നതാണ്. മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ച് ഒരു മണിക്കൂർ കൊണ്ട് രോഗബാധ കണ്ടെത്താം.
  • ഉമിനീർ പരിശോധന – ഉമിനീർ പരിശോധിച്ച് നടത്തുന്ന ഈ പരിശോധന കുട്ടികളിലും മറ്റും രോഗബാധ കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്.