യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സെപ്റ്റംബർ 15-ന് അവസാനിക്കുമെന്ന് MoHRE അറിയിച്ചു

GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയുടെ കാലാവധി 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച അവസാനിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു. സെപ്റ്റംബർ 14-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് യു എ ഇയിൽ ഈ വർഷത്തെ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിയത്. ഈ കാലയളവിൽ, നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന യു എ ഇയിലെ തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ, MoHRE നിരവധി നിയമങ്ങളും നടപടിക്രമങ്ങളും പുറപ്പെടുവിക്കുകയും അതിന്റെ പങ്കാളികളുമായി സഹകരിച്ച് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.

കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഓരോ വർഷവും രാജ്യത്ത് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.

WAM