അബുദാബി: വിദ്യാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി

featured UAE

എമിറേറ്റിലെ വിദ്യാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനും, വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ബ്ലൂ സ്കൂൾ’ സംരംഭത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി. വിദ്യാലയങ്ങളിലെ വാക്സിനേഷൻ നിരക്ക് കണക്കിലെടുത്താണ് ഇത് നടപ്പിലാക്കുന്നത്.

ഒക്ടോബർ 5-നാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഈ അധ്യയന വർഷത്തിലെ രണ്ടാം പാദം മുതൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. COVID-19 മഹാമാരിയുടെ പിടിയിൽ നിന്ന് കരകയറുന്നതിനുള്ള പ്രധാന മാർഗ്ഗമായി വാക്സിനേഷനെ കണക്കിലെടുത്ത് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പ്രകാരം, വിദ്യാർത്ഥികളുടെ വാക്സിനേഷൻ നിരക്കുകളുടെ അടിസ്ഥാനത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളെ തരംതിരിക്കുന്നതാണ്. കൂടുതൽ വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചിട്ടുള്ള വിദ്യാലയങ്ങളിൽ സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം, സ്കൂൾ ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന ശേഷി മുതലായവയിൽ ഇളവുകൾ അനുവദിക്കുന്നതിനും, പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളിലെ പരിപാടികൾ, ഫീൽഡ് യാത്രകൾ എന്നിവ പുനരാരംഭിക്കുന്നതിനും പടിപടിയായി അനുമതി നൽകുന്നതാണ്.

‘ബ്ലൂ സ്കൂൾ’ പദ്ധതി പ്രകാരം, സ്കൂളുകളെ താഴെ പറയുന്ന നാല് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു:

  • ഓറഞ്ച് – 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള വിദ്യാലയങ്ങൾ.
  • മഞ്ഞ – 50-60 ശതമാനം വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾ.
  • പച്ച – 65-84 ശതമാനം വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾ.
  • നീല – 85 ശതമാനവും, അതിനുമുകളിലും വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകിയ സ്കൂളുകൾ.

കുട്ടികൾക്കായുള്ള പ്രത്യേക ADNEC വാക്സിനേഷൻ സെന്റർ ഉൾപ്പെടെ അബുദാബിയിലുടനീളമുള്ള വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് സൗജന്യ വാക്സിനുകൾ ലഭ്യമാണ്. 12 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കായി ഫൈസർ-ബയോഎൻടെക്, 3 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്ക് സിനോഫാം എന്നീ വാക്സിനുകളാണ് നൽകുന്നത്.

WAM