പുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2023 ഡിസംബർ 29-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ട്രക്കുകൾ, തൊഴിലാളികളെ കൊണ്ട് പോകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും, സ്ട്രീറ്റുകളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2023 ഡിസംബർ 31, ഞായറാഴ്ച്ച രാവിലെ 7 മണിമുതൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച രാവിലെ 7 മണിവരെ ഈ വിലക്ക് ബാധകമാണ്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള കമ്പനികളുടെ വാഹനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.