യു എ ഇ: രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളെക്കുറിച്ച് മുഹമ്മദ് ബിൻ റാഷിദ്, മുഹമ്മദ് ബിൻ സായിദ് എന്നിവർ ചർച്ച ചെയ്തു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും, അബുദാബി കിരീടാവകാശിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ കൂടിക്കാഴ്ച്ച നടത്തി. 2022 ഫെബ്രുവരി 21-ന് ദുബായിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളെക്കുറിച്ച് ഇരുവരും ഈ കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു. രാജ്യത്തെ നിവാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആഗോള നിലവാരത്തിനനുസരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

യു എ ഇയുടെ പുരോഗതിക്കായി എമിറാത്തി യുവത്വം നേതൃത്വം നൽകുന്ന ‘പ്രൊജക്റ്റ്സ് ഓഫ് ദി 50’ എന്ന വികസന പദ്ധതിയെക്കുറിച്ചും ഇരുവരും അവലോകനം ചെയ്തു. തുടർന്ന് ഇരുവരും എക്സ്പോ 2020 ദുബായുടെ വിജയത്തെക്കുറിച്ച് ചർച്ച ചെയ്തു.

ലോകജനതയെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്നതിന് ലോക എക്സ്പോ കാരണമായതായി ഇരുവരും വിലയിരുത്തി. ആഗോളതലത്തിലെ വികസനത്തിന് ലോക എക്സ്പോ അവസരമൊരുക്കിയതായും ഇരുവരും അഭിപ്രായപ്പെട്ടു. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ കൂടികാഴ്ച്ചയിൽ പങ്കെടുത്തിരുന്നു.

WAM