യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് യാത്രയ്ക്ക് മുൻപുള്ള റാപ്പിഡ് PCR ടെസ്റ്റ് ഒഴിവാക്കിയതായി ഇത്തിഹാദ്

featured GCC News

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. 2022 ഫെബ്രുവരി 22-ന് വൈകീട്ട് യാത്രികരുടെ സംശയങ്ങൾക്ക് മറുപടിയായാണ് ഇത്തിഹാദ് എയർവേസ് ഔദ്യോഗിക കസ്റ്റമർ സപ്പോർട്ട് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്.

“ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് റാപ്പിഡ് PCR ടെസ്റ്റ് ആവശ്യമില്ല. ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.”, ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ നിന്നും റാപ്പിഡ് PCR പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സഞ്ചരിക്കുന്ന യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR പരിശോധനാ ഫലം ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. എമിറേറ്റ്സ് എയർലൈൻസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എമിറേറ്റ്സ് https://www.emirates.com/in/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിബന്ധനകളിൽ (2022 ഫെബ്രുവരി 22 വൈകീട്ട് 4 മണിക്ക് അവസാനമായി ഭേദഗതി ചെയ്ത നിബന്ധനകൾ പ്രകാരം) നിന്ന് റാപ്പിഡ് PCR ഒഴിവാക്കിയിട്ടുണ്ട്.

എമിറേറ്റ്സ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR പരിശോധനാ ഫലം ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. അംഗീകൃത ലാബുകളിൽ നിന്നുള്ള QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള RT-PCR പരിശോധനാ ഫലങ്ങൾ ഹാജരാക്കുന്നവർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നതെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും ഈ ഭേദഗതി ബാധകമാക്കിയിട്ടുണ്ട്.