യു എ ഇ: റമദാൻ മാസത്തിൽ സർക്കാർ മേഖലയിലെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് യു എ ഇ സർക്കാർ അറിയിപ്പ് പുറത്തിറക്കി. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, റമദാനിൽ പൊതു മേഖലാ സ്ഥാപനങ്ങളിലെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാക്കി ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 8-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

അടിയന്തിര സ്വഭാവമുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് മാത്രമാണ് ഈ സമയക്രമം ബാധകമാകാത്തത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തനസമയം സംബന്ധിച്ച് ഇതുവരെ അറിയിപ്പുകൾ ലഭിച്ചിട്ടില്ല.