ഒമാനിലെ COVID-19 സാഹചര്യം ഏറെ മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി

GCC News

രാജ്യത്തെ COVID-19 രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായും, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വളരെയധികം കുറവ് രേഖപ്പെടുത്തുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ മുഹമ്മദ് അൽ സൈദി അറിയിച്ചു. ഒമാനിലെ ഡിപ്ലോമാറ്റിക് ക്ലബ്ബിൽ നടന്ന ഒരു യോഗത്തിൽ അംബാസഡർമാർ, വിവിധ നയതന്ത്ര കാര്യാലയങ്ങളിലെ തലവന്മാർ, അന്താരാഷ്ട്ര ഏജൻസികളുടെ തലവന്മാർ തുടങ്ങിയവരുമായി നടത്തിയ ഒരു ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ COVID-19 സാഹചര്യം നേരിടുന്നതിൽ ഒമാൻ നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഈ യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാജ്യത്തേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ സംബന്ധിച്ചും അദ്ദേഹം വ്യക്തത നൽകി. ഈ മുൻകരുതൽ നടപടികൾ വിശകലനം ചെയ്ത ശേഷം വിവിധ രാജ്യങ്ങൾ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള പട്ടികകളിൽ നിന്ന് ഒമാനെ ഒഴിവാക്കാൻ അദ്ദേഹം അംബാസഡർമാരോട് അഭ്യർത്ഥിച്ചു.

രാജ്യത്തെ COVID-19 സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 25 ശതമാനത്തോളം ഉണ്ടായിരുന്ന രോഗസ്ഥിരീകരണ നിരക്ക് നിലവിൽ കേവലം ഒരു ശതമാനം മാത്രമാണെന്നും ഇത് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികളുടെ സഫലത വ്യക്തമാക്കുന്നതായും അദ്ദേഹം അറിയിച്ചു. മുൻകരുതൽ നിർദ്ദേശങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി തുടരാൻ അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.