അബുദാബി: COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ഹോട്ട് ലൈൻ സേവനം വിപുലീകരിക്കാൻ തീരുമാനിച്ചു

featured UAE

COVID-19 മഹാമാരി സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററിന്റെ പ്രവർത്തനം കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ISTIJABA എമർജൻസി കാൾസെന്ററിന്റെ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ച വിവരം ഓഗസ്റ്റ് 15-ന് വൈകീട്ടാണ് കമ്മിറ്റി അറിയിച്ചത്.

കൊറോണ വൈറസ് മഹാമാരി സംബന്ധമായ സംശയങ്ങൾ, വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, എമിറേറ്റിലെ ക്വാറന്റീൻ നടപടികൾ, നിയമങ്ങൾ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനായി ഈ ഹോട്ട് ലൈൻ സേവനം ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ ഈ ഹോട്ട് ലൈനിലൂടെ Alhosn ആപ്പ് സംബന്ധമായ വിവരങ്ങൾ, പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ തുടങ്ങിയ വിവരങ്ങളും ലഭിക്കുന്നതാണ്.

ISTIJABA എമർജൻസി കാൾസെന്ററിൽ നിന്നുള്ള സേവനങ്ങൾ താഴെ പറയുന്ന ടോൾ ഫ്രീ നമ്പറുകളിൽ ലഭ്യമാണ്:

  • യു എ ഇയിൽ നിന്ന് വിളിക്കുന്നവർക്ക് – 800 1717.
  • വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് – +971 800 1717

ISTIJABA എമർജൻസി കാൾസെന്ററിൽ നിന്ന് താഴെ പറയുന്ന വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതാണ്:

  • എമിറേറ്റിലെ COVID-19 പരിശോധനകൾ, വാക്സിനേഷൻ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ.
  • എമിറേറ്റിലെ ക്വാറന്റീൻ, ഐസൊലേഷൻ മുതലായവയുമായി ബന്ധപ്പെട്ട വിവരങ്ങൾ.
  • അബുദാബി നിവാസികൾക്ക് മാനസിക ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ, സേവനങ്ങൾ എന്നിവയ്ക്ക്.
  • എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ അറിയുന്നതിന്.
  • അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ, എമിറേറ്റിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ.
  • Alhosn ആപ്പ് സംബന്ധമായ വിവരങ്ങൾ.