മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ ദുബായിൽ ആരംഭിക്കുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2021 ഒക്ടോബർ 17 മുതൽ 21 വരെയാണ് ഈ വർഷത്തെ ജിടെക്സ് ടെക്നോളജി വീക്ക് സംഘടിപ്പിക്കുന്നത്.
ഈ മേളയിൽ പത്താം തവണയും പങ്കെടുക്കാൻ അബുദാബി സർക്കാർ സജ്ജമായിക്കഴിഞ്ഞതായി അബുദാബി മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. അബുദാബി സർക്കാർ പവലിയന്റെ ഭാഗമായി, മുപ്പത്തിയൊന്ന് സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ ജിടെക്സ് ടെക്നോളജി വീക്കിൽ പങ്കെടുക്കുന്നതാണ്. ഡിജിറ്റൽ പരിവർത്തന മേഖലയിലെ നൂറിലധികം നൂതന സംരംഭങ്ങളും, പദ്ധതികളും ഈ പവലിയനിൽ പ്രദർശിപ്പിക്കുന്നതാണ്.
അബുദാബി ഗവൺമെന്റിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനമായ അബുദാബി ഡിജിറ്റൽ അതോറിറ്റി (ADDA) പ്രതിനിധീകരിക്കുന്ന സർക്കാർ പിന്തുണാ വകുപ്പ് – അബുദാബി (DGS), ഈ മേളയിൽ പങ്കെടുക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു വെർച്വൽ തയ്യാറെടുപ്പ് യോഗം സംഘടിപ്പിച്ചു. മേളയിൽ പങ്കെടുക്കുന്നവർക്കിടയിൽ സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ COVID-19 മുൻകരുതൽ നടപടികൾ കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യം ഈ യോഗത്തിൽ ചർച്ച ചെയ്തു.
യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അബുദാബി സർക്കാർ ഇത്തവണ ജിടെക്സ് ടെക്നോളജി വീക്കിൽ പങ്കെടുക്കുന്നത്. അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 50 വർഷങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുകയും, അടുത്ത 50 വർഷത്തെ യാത്രയ്ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നതാണ്.
“GITEX ടെക്നോളജി വീക്ക് 2021 അബുദാബിയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സന്നദ്ധതയും വികസനവും ഊന്നിപ്പറയുന്നതിനുള്ള ഒരു സവിശേഷ അവസരമാണ്. അതിന്റെ ഡിജിറ്റൽ ശേഷികളിലും പൗരന്മാർ, താമസക്കാർ, സന്ദർശകർ, നിക്ഷേപകർ ഉൾപ്പെടെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വിഭവങ്ങളിലും വെളിച്ചം വീശുന്നു.” DGS ചെയർമാൻ അലി റാഷിദ് അൽ കെത്ബി അഭിപ്രായപ്പെട്ടു.
Cover Photo: 2020 Edition of GITEX Technology Week. Emirates News Agency.