എമിറേറ്റിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിൽ നിയമ അവബോധം വളർത്തുന്നതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തൊഴിലാളികൾക്കിടയിൽ നിയമ സംസ്കാരം പ്രചരിപ്പിക്കുക, നിയമം ഉറപ്പുനൽകുന്ന അവരുടെ അവകാശങ്ങളെയും, കടമകളെയും കുറിച്ച് – പ്രത്യേകിച്ച് 2022 ഫെബ്രുവരി 2 മുതൽ രാജ്യത്ത് നിലവിൽ വന്നിട്ടുള്ള ‘2021/ 33’ എന്ന തൊഴിൽ നിയമവുമായി ബന്ധപ്പെട്ട മാറ്റങ്ങളെക്കുറിച്ച് – അവരെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.
അവകാശങ്ങൾ സംരക്ഷിക്കുന്നതിലും നിയമം അനുശാസിക്കുന്ന കടമകൾ നിറവേറ്റുന്നതിലും നിയമപരമായ അറിവ് വഹിക്കുന്ന അത്യന്താപേക്ഷിതമായ പങ്ക് കണക്കിലെടുത്ത് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാനുമായ H.H. ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇത്തരം ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ADJD അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു.
ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ഈ ബോധവത്കരണ പരിപാടി. ഇതിന്റെ ഭാഗമായി അബുദാബിയിലെ വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിൽ പുതിയ തൊഴിൽ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകളെ കുറിച്ച് അവബോധം വളർത്തുന്നതാണ്.
ഈ നിയമത്തിന്റെ നടപ്പിലാക്കൽ, അത് അവതരിപ്പിച്ച പുതിയ തൊഴിൽ മാതൃകകൾ, സ്ഥാപനങ്ങളിലെയും കമ്പനികളിലെയും തൊഴിലാളികളുടെ തൊഴിലിൽ അത് ഉറപ്പുനൽകുന്ന വ്യവസ്ഥകൾ, അത് വാഗ്ദാനം ചെയ്യുന്ന ഉറപ്പുകൾ മുതലായവ ഈ പ്രചാരണ പരിപാടിയിലൂടെ തൊഴിലാളികൾക്ക് വ്യക്തമാകുന്നതാണ്. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാൻ ഈ നിയമം എങ്ങിനെ സഹായിക്കുന്നു എന്നും ഈ ബോധവത്കരണത്തിലൂടെ വ്യക്തമാകുന്നതാണ്.
പരമാവധി തൊഴിലാളികൾക്കിടയിലേക്ക് ഈ ബോധവത്കരണ പരിപാടി എത്തിക്കുന്നതിനാണ് ADJD ലക്ഷ്യമിടുന്നതെന്ന് അൽ അബ്രി പറഞ്ഞു. ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലെ (ICAD) ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കിടയിലാണ് ഈ പ്രചാരണ പരിപാടി ആദ്യമായി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പുതിയ യു എ ഇ തൊഴിൽ നിയമനിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ സംബന്ധിച്ച് അറബി, ഉറുദു, ബംഗാളി എന്നീ മൂന്ന് ഭാഷകളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
WAM