എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. അബുദാബിയിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ സന്ദർശിക്കേണ്ടതായ വിവിധ പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2022 ജനുവരി 19-നാണ് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്. ഈ അറിയിപ്പ് പ്രകാരം, അബുദാബിയിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവരും താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി:
COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് റിസൾട്ട് ലഭിച്ചിട്ടുള്ള ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, ഗർഭിണികളായ സ്ത്രീകൾ തുടങ്ങിയ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾ COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
ഇവർ ഉടൻ തന്നെ താഴെ പറയുന്ന ഏതെങ്കിലും COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതും, ആരോഗ്യ പരിശോധന നടത്തേണ്ടതുമാണ്. തുടർന്ന് ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
അബുദാബി നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ:
- Mafraq Hospital.
- Al Mushrif (Al Mushrif Wedding Hall)
- Madinat Mohamed Bin Zayed Center (For Laborers)
അൽ ഐൻ നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം:
- Al Ain Convention Center Gate 7.
അൽ ദഫ്‌റ നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ:
- Madinat Zayed City Center.
- Al Dhafra Hospitals Prime Assessment Centers.
COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് റിസൾട്ട് ലഭിച്ചിട്ടുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ, കഠിനമല്ലാത്ത COVID-19 രോഗലക്ഷണങ്ങൾ ഉള്ളവർ തുടങ്ങിയ മറ്റു വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
- ഇവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു തവണ കൂടി ടെസ്റ്റ് നടത്തേണ്ടതും, തുടർന്ന് ഐസൊലേഷനിൽ പ്രവേശിക്കേണ്ടതുമാണ്.
- ഈ ടെസ്റ്റിൽ നെഗറ്റീവ് ലഭിക്കുന്നവർ 24 മണിക്കൂർ കാത്തിരുന്ന ശേഷം മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. ഇതിലും നെഗറ്റീവ് ആകുന്നവർക്ക് തങ്ങളുടെ ജീവിതം സാധാരണ രീതിയിൽ COVID-19 മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്.
- ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ ഐസൊലേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അധികൃതർ നൽകുന്നതാണ്.
ഇവർക്ക് ആവശ്യമെങ്കിൽ താഴെ പറയുന്ന പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്:
അബുദാബി നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രങ്ങൾ:
- Medeor Hospital.
- Burjeel Medical City.
- LLH Hospital Mussafah.
- തൊഴിലാളികൾക്ക് – Life Care Hospital, Musaffah or Baniyas or Madinat Mohamed Bin Zayed Center.
അൽ ഐൻ നഗരത്തിലെ COVID-19 പ്രൈം അസസ്‌മെന്റ് കേന്ദ്രം:
- Burjeel Royal Hospital.
COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായതായുള്ള SMS സന്ദേശം ലഭിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ടുള്ള ഒരു SMS സന്ദേശം ലഭിക്കുന്നതാണ്. ഇവർ ഈ സന്ദേശത്തിൽ നൽകിയിട്ടുള്ള വിലാസം ഉപയോഗിച്ച് കൊണ്ട് ഹോം ക്വാറന്റീൻ ചെയ്യുന്നതിനായി സ്വയം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
- ഇവർ ഐസൊലേഷനിൽ തുടരേണ്ടതും, വാക്സിനെടുത്തിട്ടുള്ളവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ആറാം ദിനത്തിൽ (വാക്സിനെടുക്കാത്തവർ ഒമ്പതാം ദിവസം) ഒരു തവണ കൂടി ടെസ്റ്റ് നടത്തേണ്ടതുമാണ്.
- ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ 2022 ജനുവരി 14-ന് അറിയിപ്പ് നൽകിയിരുന്നു.