അബുദാബി: റോഡിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തും

GCC News

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2023 ജൂൺ 3-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പിഴയ്ക്ക് പുറമെ ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് 4 ബ്ലാക്ക് ട്രാഫിക് പോയിന്റുകളും ചുമത്തുന്നതാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽ ശ്രദ്ധ ചെലുത്താത്തതിനാൽ സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ പങ്ക്‌വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.

ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും കൂടുതൽ മരണം, പരുക്ക് എന്നിവയിലേക്ക് നയിക്കുന്ന റോഡപകടങ്ങൾക്കിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് വ്യതിചലിക്കുന്നതാണെന്ന് എമിറേറ്റിലെ റോഡപകടങ്ങളുടെ കണക്കുകൾ വിലയിരുത്തിക്കൊണ്ട് അബുദാബി പോലീസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോണുകളിൽ സംസാരിക്കുക, സന്ദേശങ്ങൾ അയക്കുക, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുക, ഫോട്ടോ എടുക്കുക മുതലായ പ്രവർത്തികൾ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നതിന് ഇടയാക്കുമെന്നും, ഇവ അപകടങ്ങളിലേക്ക് നയിക്കാമെന്നും അബുദാബി പോലീസ് മുൻപ് പലപ്പോഴായി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ വാഹനങ്ങൾ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് ഡ്രൈവർ അറിയാതെ വ്യതിചലിക്കുന്നതിനും മറ്റും ഇടയാക്കാമെന്നും, അതിനാൽ ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ റോഡിലേക്ക് പൂർണ്ണ ശ്രദ്ധ പുലർത്താനും ഡ്രൈവർമാരെ അധികൃതർ ഓർമ്മപ്പെടുത്തി.

അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.