അബുദാബി: ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 19-ന് അവസാനിക്കും

GCC News

എമിറേറ്റിൽ നിലവിൽ നടന്ന് വരുന്ന ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ 2021 ഓഗസ്റ്റ് 19, വ്യാഴാഴ്ച്ച സമാപിക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ യു എ ഇ സമയം 11 മണിക്കാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ അതിന്റെ ലക്ഷ്യം കൈവരിച്ചു. 2021 ഓഗസ്റ്റ് 19-ന് അണുനശീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതാണ്.”, കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് പൊതു സമൂഹം നൽകിയ പിന്തുണയ്ക്ക് കമ്മിറ്റി നന്ദി അറിയിച്ചു. COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പിന്തുടരാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

2021 ജൂലൈ 19 മുതൽ ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെയാണ് അബുദാബിയിൽ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കി വന്നിരുന്നത്. ഇതിന്റെ ഭാഗമായി ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ കമ്മിറ്റി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.