48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്ന സെപ്റ്റംബർ 5 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധന തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 22, ചൊവ്വാഴ്ച്ചയാണ് കമ്മിറ്റി ഇക്കാര്യമറിയിച്ചത്.
അബുദാബിയ്ക്ക് പുറത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന പൗരന്മാർ, അബുദാബി നിവാസികൾ, സന്ദർശകർ എന്നിവർ, തുടർച്ചയായി ആറോ അതിൽ കൂടുതലോ ദിനങ്ങൾ എമിറേറ്റിൽ തുടരുകയാണെങ്കിൽ, ആറാമത്തെ ദിനം നിർബന്ധമായും ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ പരിശോധന നിർബന്ധമാണെന്നും, ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നടപടികളുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം.
COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർക്ക് എമർജൻസി വാഹനങ്ങൾക്കുള്ള നിരയിലൂടെ എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്.