അബുദാബി: സന്ദർശക വിസകളിലുള്ളവർക്കും COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹത

UAE

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും അബുദാബിയിലെത്തുന്നവർക്ക് എമിറേറ്റിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് അർഹത നൽകി. അബുദാബിയിൽ നിന്ന് നൽകിയിട്ടുള്ള വിസകളിലുള്ള സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കുമാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. മറ്റു എമിറേറ്റുകളിൽ നിന്ന് അനുവദിച്ചിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്ക് ഈ അർഹത ഉണ്ടായിരിക്കുന്നതല്ല.

ഇതിന് പുറമെ, ഓൺ അറൈവൽ വിസ അനുമതിയുള്ള രാജ്യങ്ങളിൽ നിന്നെത്തിയ, അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഓൺ അറൈവൽ വിസ സ്റ്റാമ്പ് ചെയ്ത പാസ്സ്‌പോർട്ട് ഉള്ളവർക്കും എമിറേറ്റിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ്. അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) ആപ്പിലാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്.

സാധുതയുളള സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലുമുള്ള, ഇത്തരം വിഭാഗങ്ങളിൽപ്പെടുന്നവർക്ക് SEHA-ആപ്പിലൂടെയോ, 800 50 എന്ന നമ്പറിലോ വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്. വിസയിലെ UID നമ്പർ ഉപയോഗിച്ച് കൊണ്ട് ഈ വിഭാഗങ്ങൾക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്നാണ് SEHA-യിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവർക്ക് ഈ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി പ്രാദേശികമായി ഉപയോഗിക്കാവുന്ന ഒരു ഫോൺ നമ്പർ ആവശ്യമാണ്.

എമിറേറ്റിലെ കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസകളിലുള്ളവർക്ക് സൗജന്യമായി COVID-19 വാക്സിൻ നൽകുന്നതിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി നേരത്തെ അനുമതി നൽകിയിരുന്നു.