അബുദാബി: ഫെബ്രുവരി 14 മുതൽ വിദ്യാർത്ഥികളെ പടിപടിയായി വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി

GCC News

എമിറേറ്റിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്ക് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി. വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് ബാധകമാകുന്ന ഈ മാനദണ്ഡങ്ങൾ ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ തുടരും.

എമിറേറ്റിലെ പൊതു വിദ്യാലയങ്ങളിലേക്ക് ഫെബ്രുവരി 14 മുതൽ വിദ്യാർത്ഥികളെ പടിപടിയായി പ്രവേശിപ്പിക്കാനും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കാനും തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, എമിറേറ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവർ സംയുക്തമായി ഫെബ്രുവരി 3-ന് അറിയിച്ചിരുന്നു. പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ക്‌ളാസ്സുകളിലും ഈ തീരുമാനം ബാധകമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഇതേ തുടർന്നാണ് കമ്മിറ്റി ഈ മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകിയത്. ഫെബ്രുവരി 14 മുതൽ എമിറേറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ പടിപടിയായി പ്രവേശിപ്പിക്കാമെന്നും, വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ വിദൂര പഠന സമ്പ്രദായം ആവശ്യമെങ്കിൽ സ്വീകരിക്കുന്നതിന് അവസരം നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി. എമിറേറ്റിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് വിവിധ വകുപ്പുകൾ ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്.

വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. എമിറേറ്റിലെ 60 ശതമാനത്തോളം സ്‌കൂൾ ജീവനക്കാരും, അധ്യാപകരും ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായും കമ്മിറ്റി കൂട്ടിച്ചേർത്തു.