രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഡിസംബർ 15-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാന പ്രകാരം, ഡിസംബർ 19 മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ COVID-19 രോഗബാധ കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അബുദാബിയിൽ നിലവിൽ രേഖപ്പെടുത്തുന്ന തീരെ കുറഞ്ഞ COVID-19 രോഗവ്യാപന സാഹചര്യം തുടരുന്നതിനായാണ് ഇത്തരം ഒരു നടപടിയെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തുന്ന പ്രവേശന നിബന്ധനകൾ:
- പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ പ്രകാരം, ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവരെ ഒരു മൊബൈൽ EDE COVID-19 സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്.
- ഇത്തരം EDE COVID-19 സ്കാനറുകളിലൂടെ രോഗബാധ സംശയിക്കുന്നതായി കണ്ടെത്തുന്നവർക്ക് ഇത്തരം സ്കാനറുകൾ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനകവാടങ്ങൾക്കരികിൽ തന്നെ ഒരുക്കിയിട്ടുള്ള പ്രത്യേക പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ആന്റിജൻ പരിശോധന നടത്തുന്നതാണ്. ഈ പരിശോധനാ ഫലം ഇരുപത് മിനിറ്റിനകം ലഭിക്കുന്നതാണ്.
- ഇത്തരം ആന്റിജൻ പരിശോധനയിൽ രോഗബാധയുണ്ടെന്ന് തെളിയുന്നവർ, അബുദാബിയിലേക്ക് തിരികെ മടങ്ങുന്ന അബുദാബി നിവാസിയാണെങ്കിൽ അവർക്ക് ഐസൊലേഷൻ ഏർപ്പെടുത്തുന്നതാണ്. ഇവർ കൈകളിൽ ക്വാറന്റീൻ ട്രാക്കിങ്ങ് ഉപകരണം ധരിക്കേണ്ടതാണ്.
- ഇത്തരം ആന്റിജൻ പരിശോധനയിൽ രോഗബാധയുണ്ടെന്ന് തെളിയുന്നവർ അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മറ്റു എമിറേറ്റുകളിലെ നിവാസികളാണെങ്കിൽ, അവരെ അവർ യാത്ര പുറപ്പെട്ട എമിറേറ്റിലേക്ക് തന്നെ തിരികെ മടക്കി അയക്കുന്നതാണ്. ഇവരുടെ പരിശോധനാ ഫലം ആരോഗ്യ അധികൃതരെ അറിയിക്കുന്നതാണ്.
നിലവിൽ അബുദാബിയിൽ ആകെ പരിശോധനകളുടെ 0.05 ശതമാനം പേരിൽ മാത്രമാണ് COVID-19 രോഗബാധ കണ്ട് വരുന്നത്. ഈ സാഹചര്യം തുടരുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനാണ് കമ്മിറ്റി EDE COVID-19 സ്കാനറുകൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന EDE COVID-19 സ്കാനറുകൾ ജനക്കൂട്ടം അനുഭവപ്പെടുന്ന ഇടങ്ങളിലും മറ്റും COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിന് ഏറെ സഹായകമാണെന്ന് എമിറേറ്റിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഇവയുടെ ഉപയോഗത്തിൽ നിന്ന് തെളിഞ്ഞിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ രേഖപ്പെടുത്താതെ തന്നെ COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
പൊതു ഇടങ്ങളിലേക്കും മറ്റുമുള്ള പ്രവേശനകവാടങ്ങൾ പോലുള്ള ഇടങ്ങളിൽ ഒരേ സമയം ഒരു കൂട്ടം ആളുകളെ പരിശോധിക്കുന്നതിനും, ഇതിൽ നിന്ന് രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഈ സ്കാനർ സംവിധാനം പര്യാപ്തമാണ്. ദൂരെ നിന്ന് പരിശോധനകൾ നടത്തുന്നതിനൊപ്പം പരിശോധനാ ഫലങ്ങൾ തത്സമയം അറിയുന്നതിനും, രോഗസാധ്യതയുള്ളവരെ ഉടൻ തന്നെ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.
ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ (IHC) കീഴിൽ EDE റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയാണ് ഈ സ്കാനർ വികസിപ്പിച്ചെടുത്തത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് കൊണ്ട്, COVID-19 വൈറസ് RNA കണികകളുടെ സാന്നിധ്യം കണ്ടെത്തുന്ന രീതിയിലാണ് ഈ സ്കാനർ പ്രവർത്തിക്കുന്നത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഏൽക്കുമ്പോൾ RNA കണികകളിലുണ്ടാകുന്ന മാറ്റങ്ങൾ അളക്കുന്നതിലൂടെയാണ് ഈ സ്കാനർ രോഗബാധ കണ്ടെത്തുന്നത്. 2021 ജൂൺ 28, തിങ്കളാഴ്ച്ച മുതൽ അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകൾ, ഏതാനം റെസിഡൻഷ്യൽ ഏരിയകൾ തുടങ്ങിയ ഇടങ്ങളിൽ ഈ സ്കാനർ ഉപയോഗിച്ച് വരുന്നുണ്ട്.
അബുദാബിയിലെ നിലവിൽ രേഖപ്പെടുത്തുന്ന തീരെ കുറഞ്ഞ COVID-19 രോഗവ്യാപന സാഹചര്യം കൃത്യമായ മുൻകരുതൽ നടപടികൾ, പ്രതിരോധ സംവിധാനങ്ങൾ, തുടർച്ചയായുള്ള ടെസ്റ്റിംഗ്, കോൺടാക്ട് ട്രേസിങ്ങ്, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി ഗ്രീൻ പാസ് സംവിധാനത്തിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങളുടെ പ്രതിഫലനമാണെന്നും കമ്മിറ്റി വ്യക്തമാക്കി.