സെപ്റ്റംബർ 5, ശനിയാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. 48 മണിക്കൂറിനുള്ളിൽ ലഭിച്ച PCR അല്ലെങ്കിൽ ലേസർ DPI നെഗറ്റീവ് പരിശോധനാ ഫലങ്ങൾക്കാണ് ശനിയാഴ്ച്ച മുതൽ പ്രവേശനാനുമതി നൽകുന്നത്.
എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 27 മുതൽ, ലേസർ DPI പരിശോധനാ ഫലം ഉപയോഗിക്കുന്നവർ അനുബന്ധമായി 6 ദിവസത്തിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ട രീതിയിൽ വൈറസ് പരിശോധനാ നടപടികൾ പുനർക്രമീകരിച്ചിരുന്നു. ഈ തീരുമാനത്തിലാണ് സെപ്റ്റംബർ 5 മുതൽ മാറ്റങ്ങൾ വരുത്തുന്നത്.
പുതിയ തീരുമാനപ്രകാരം ലേസർ DPI പരിശോധനാ ഫലം ഉപയോഗിക്കുന്നവർക്ക് ആവശ്യമായിരുന്ന മുൻകൂർ PCR പരിശോധന ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
അതേസമയം 6 ദിവസത്തിലധികം അബുദാബിയിൽ തുടർച്ചയായി താമസിക്കാനായി പ്രവേശിക്കുന്നവർക്ക്, ഇത്തരത്തിൽ ഓരോ തവണയും എമിറേറ്റിലേക്ക് പ്രവേശിച്ച് ആറാം ദിനം PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം.
COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർക്ക് എമർജൻസി വാഹനങ്ങൾക്കുള്ള നിരയിലൂടെ എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്. ഈ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും കമ്മിറ്റി വ്യക്തമാക്കി.