അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു

featured UAE

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി. 2023 ജനുവരി 25-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ ഉപയോഗിക്കുന്നവർ, സുരക്ഷ മുൻനിർത്തി പാലിക്കേണ്ട ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ അബുദാബി മീഡിയ ഓഫീസ് ഇതോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്:

  • കനത്ത മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി നിയന്ത്രിക്കേണ്ടതാണ്.
  • റോഡിലെ മുഴുവൻ പേരുടെയും സുരക്ഷ മുൻനിർത്തി വാഹനങ്ങൾ അത്യന്തം ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ്.
  • സുരക്ഷാ നിർദ്ദേശങ്ങളും, പരമാവധി അനുവദനീയമായ വേഗപരിധിയും കർശനമായി പാലിക്കണം.
  • റോഡിലെ കാഴ്ച മറയുന്ന അവസരങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റ് ലോ ബീമിൽ ഓൺ ചെയ്യേണ്ടതാണ്.
  • ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരേണ്ടതും, ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.

Cover Image: WAM.