അബുദാബി: കെട്ടിടങ്ങളിൽ അനുമതിയില്ലാതെ പ്രകാശിക്കുന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ മേൽക്കൂരകളിലോ പ്രകാശിക്കുന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി. അബുദാബി സിവിൽ ഡിഫെൻസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അനധികൃതമായി ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു എ ഇയിലെ സിവിൽ ഡിഫൻസ് സേവനങ്ങൾ നിയന്ത്രിക്കുന്ന 2012-ലെ കാബിനറ്റ് പ്രമേയം നമ്പർ 24 അനുസരിച്ച് ഇത്തരം നിയമലംഘനങ്ങൾ ഐറ്റം 53 പ്രകാരമുള്ള പൊതുവായ ലംഘനങ്ങളുടെ ഗണത്തിൽ പെടുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വതന്ത്ര സ്വകാര്യ പാർപ്പിടങ്ങൾ ഒഴികെ നിലവിലുള്ള എല്ലാ കെട്ടിടങ്ങൾക്കും, രാജ്യത്തുടനീളം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ ഉൾപ്പടെ, ഈ നിയമം ബാധകമാണെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. പ്രകാശിക്കുന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാനും ആവശ്യമായ അനുമതികൾ നേടാനും കെട്ടിട ഉടമകളോടും, സ്ഥാപനങ്ങളോടും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അംഗീകൃത സുരക്ഷാ ആവശ്യകതകൾ പാലിക്കാതെ ഇത്തരം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിൽ നിന്ന് ഉണ്ടാകാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനും, പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.