അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി മീഡിയാ ഓഫീസ് ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു. പുതുക്കിയ സമയക്രമം പ്രകാരം വ്യാവസായിക മേഖലകളിലും തൊഴിലാളികളുടെ താമസമേഖലകളിലും ദിനവും വൈകീട്ട് 6 മുതൽ രാവിലെ 6 മണി വരെയും, റെസിഡൻഷ്യൽ മേഖലകളിൽ നിലവിലുള്ളതു പോലെ രാത്രി 8 മുതൽ രാവിലെ 6 വരെയുമാണ് ശുചീകരണ നടപടികൾ പ്രാവർത്തികമാക്കുക.
അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയങ്ങളിൽ ജനങ്ങളോട് വീടുകളിൽ തുടരാനും, സമൂഹത്തിന്റെ സുരക്ഷയ്ക്കായുള്ള ഈ നടപടികളിൽ പൂർണ്ണമായും സഹകരിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏപ്രിൽ 4-നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓരോ എമിറേറ്റുകളോടും അവരുടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നടപടികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനായിരുന്നു നിർദ്ദേശം. ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറാക്കി നീട്ടാൻ ഏപ്രിൽ 4-നു തീരുമാനിച്ചിരുന്നു.