അബുദാബി: പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തം

GCC News

അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും തുടർച്ചയായുള്ള അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടന്നു വരികയാണ്. അബുദാബിയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ കൊറോണാ വൈറസ് വ്യാപനം തടയാനും സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാനും ITC ലക്ഷ്യമിടുന്നു.

https://twitter.com/admediaoffice/status/1240601128494137345

ഇതിനായി നിരവധി പ്രവർത്തനങ്ങളാണ് ദിനവും നടപ്പിലാക്കുന്നത് എന്ന് അബുദാബി മീഡിയ ഓഫീസ് പങ്കുവെച്ച ഒരു വീഡിയോയിലൂടെ ITC വ്യക്തമാക്കുന്നു. ITC-യുടെ കീഴിലുള്ള എല്ലാ വാഹനങ്ങളിലും ഒരു സംഘം വിദഗ്ദ്ധരായ ശുചീകരണ പ്രവർത്തകരാണ് അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്നത്.

പൊതു ഗതാഗത രംഗത്തെ ബസുകൾ ദിവസവും യാത്രകൾക്ക് മുൻപും ശേഷവും പൂർണ്ണമായും അണുവിമുക്തമാക്കുന്നുണ്ട്. ഇത് കൂടാതെ ബസ് സ്റ്റേഷനുകളും, ബസ് ഷെൽറ്ററുകളും ദിവസവും രണ്ട് മണിക്കൂർ കൂടുമ്പോൾ അണുവിമുക്തമാക്കുന്നുണ്ട്.
എല്ലാ ടാക്സി വാഹനങ്ങളും ഓരോ ദിവസത്തെയും പ്രവർത്തി സമയം ആരംഭിക്കുന്നതിനു മുൻപും ശേഷവും ശുചീകരണ പ്രക്രിയകളിലൂടെ കടന്നു പോകുന്നുണ്ട്. ഇത് കൂടാതെ ഓരോ ട്രിപ്പ് കഴിയുമ്പോഴും ടാക്‌സികൾ ശുചീകരിക്കാനുള്ള സംവിധാനങ്ങൾ ഡ്രൈവർമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഫെറികളും ഫെറി സ്റ്റേഷനുകളും എല്ലാ ദിവസവും അണുവിമുക്തമാക്കുന്നുണ്ട്.
ഇ-സ്‌കൂട്ടറുകൾ ഓരോ മണിക്കൂറിലും അണുവിമുക്തമാകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ഉപഭോക്താക്കളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി കസ്റ്റമർ കെയർ സെന്ററുകളും തുടർച്ചയായി അണുവിമുക്തമാക്കുന്നുണ്ട് എന്നും ITC അറിയിച്ചു.