അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങൾ ഇന്ന് മുതൽ; വിവിധ മേഖലകളിലേക്കുള്ള യാത്രകൾക്ക് മൂവ്മെന്റ് പെർമിറ്റ് നിർബന്ധം

GCC News

അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇന്ന് മുതൽ (ജൂൺ 2, 2020) നടപ്പിലാക്കി തുടങ്ങും. ഒരാഴ്ച്ചത്തേക്കാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്കും, തിരികെ അബുദാബിയിലേക്കും ഈ കാലയളവിൽ യാത്രകൾ അനുവദിക്കില്ല. ഇത് കൂടാതെ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകളും വിലക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കായി ഇത്തരം മേഖലകളിലേക്ക് യാത്രകൾ ചെയ്യുന്നവർക്ക് ചൊവ്വാഴ്ച്ച മുതൽ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയതായി അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്.

അബുദാബിയിലെ വിവിധ നഗരങ്ങൾ തമ്മിലുള്ള യാത്രകൾക്കായുള്ള മൂവ്മെന്റ് പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, അബുദാബി പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. https://es.adpolice.gov.ae/en/movepermit എന്ന വിലാസത്തിലൂടെ മൊബൈൽ നമ്പർ നൽകി OTP വെരിഫിക്കേഷനു ശേഷം പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.

മൂവ്മെന്റ് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ‘ഡെസ്റ്റിനേഷൻ ടൈപ്പ് (Destination ടൈപ്പ്)’ എന്ന കോളത്തിൽ പുതുതായി ‘From Abu Dhabi To Al Ain’, ‘From Abu Dhabi To Al Dhafra’, ‘Exit Abu Dhabi’ എന്നിവ കൂട്ടിച്ചേർത്തിട്ടുണ്ട്. മര്‍മ്മപ്രധാനമായ തൊഴിൽ മേഖലകളിലെ ജീവനക്കാർ, ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ (മറ്റു മേഖലകളിലെയോ, എമിറേറ്റുകളിലെയോ ആശുപത്രികൾ സന്ദർശിക്കുന്നതിനായി) എന്നിവർക്കു യാത്രകൾക്കായി ഈ സംവിധാനത്തിലൂടെ മൂവ്മെന്റ് പെർമിറ്റുകൾ നേടാവുന്നതാണ്.

അബുദാബിയിലെ COVID-19 വ്യാപനം പ്രതിരോധിക്കുന്നതിനായി നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിലൂടെ എമിറേറ്റിന്റെ കൂടുതൽ മേഖലകളിലേക്ക് കൊറോണ വൈറസ് ടെസ്റ്റിംഗ് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ചെയർമാൻ അബ്ദുല്ല അൽ ഹമദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്കിടയിലേക്ക് പരിശോധനകൾ എത്തിക്കുന്നതിനായി പൊതുജനങ്ങൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ യാത്രാ വിലക്കുകൾ ഏർപെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. അബുദാബിയിലുടനീളം റെസിഡൻഷ്യൽ മേഖലകൾ ഉൾപ്പടെ വിവിധ ഇടങ്ങളിൽ തീവ്രമായ COVID-19 പരിശോധനകൾ നടപ്പിലാക്കുമെന്ന് നേരത്ത അധികൃതർ അറിയിച്ചിരുന്നു.

അബുദാബിയിലെ മുഴുവൻ നിവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്നു അറിയിച്ച പോലീസ്, പൊതുജനങ്ങളോട് ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.