നിലവിലെ കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ, അബുദാബിയിലെ കമ്പനികൾക്ക് 50 വയസിനു മുകളിൽ പ്രായമുള്ള തൊഴിലാളികളെ അവരുടെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കാൻ സഹായം നൽകാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) നടപടികൾ ആരംഭിച്ചു. ഇതിനായി അബുദാബിയിലെ കമ്പനികൾക്ക് അവരുടെ 50 വയസിനു മുകളിലുള്ള തൊഴിലാളികളിൽ നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരണങ്ങൾ പങ്കു വെക്കാനുള്ള സർവ്വേ വെബ്സൈറ്റ് കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചിരുന്നു
തൊഴിലുടമകൾ യാത്രാ ചിലവുകൾ വഹിക്കുന്ന പക്ഷം, ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ യാത്രാ സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യമായ സഹായങ്ങൾ ADDED കമ്പനികൾക്ക് വാഗ്ദാനം ചെയ്തുകൊണ്ട് പ്രത്യേക സർക്കുലർ അയച്ചതായാണ് വിവരം. നിലവിലെ COVID-19 സാഹചര്യത്തിൽ അബുദാബിയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു നടപടി. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങൾ അവരുടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരങ്ങളും, അവർക്ക് യാത്ര ചെയേണ്ട സ്ഥലവിവരങ്ങളും ADDED-ന്റെ സർവേ വെബ്സൈറ്റിലൂടെ കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചിട്ടുണ്ട്. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പനി, ചുമ, ശ്വാസതടസം എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർ മുതലായവർ ഈ കേന്ദ്രത്തിൽ COVID-19 പരിശോധനകൾ നടത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.