അബുദാബി: പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനൊരുങ്ങുന്നതായി ADNOC

featured UAE

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചതായി ADNOC ഗ്രൂപ്പ് പ്രഖ്യാപിച്ചു. 2023 ജൂലൈ 18-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മസ്ദാർ സിറ്റിയിലാണ് ഈ സ്റ്റേഷൻ നിർമ്മിക്കുന്നത്. ക്ലീൻ ഗ്രിഡ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോലൈസർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന രീതിയിലായിരിക്കും ഈ സ്റ്റേഷന്റെ പ്രവർത്തനം.

ഉപയോഗിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് (CO2) ഉദ്‌വമനം സൃഷ്ടിക്കാത്ത ഹൈഡ്രജൻ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വാഹനങ്ങൾക്ക് ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചും വേഗത്തിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും നൽകുന്നതാണ്. ടൊയോട്ട മോട്ടോർ കോർപ്പറേഷൻ, അൽ-ഫുട്ടൈം മോട്ടോഴ്‌സ് എന്നിവരുമായുള്ള പങ്കാളിത്തത്തോടെ ശുദ്ധമായ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഒരു നിര ഉപയോഗിച്ച് കൊണ്ട് ADNOC ഈ അതിവേഗ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷൻ പരീക്ഷിക്കുന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാർബൺ ബഹിർഗമനം കുറയ്ക്കേണ്ടതിന്റെ ആവശ്യകത വ്യക്തവും അടിയന്തരവുമാണെന്ന് യു എ ഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും, ADNOC മാനേജിംഗ് ഡയറക്ടറും, ഗ്രൂപ്പ് സി ഇ ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. “ADNOC പ്രധാനമായും സുസ്ഥിരത, ഡീകാർബണൈസേഷൻ എന്നിവയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് ഭാവിയിലേക്ക് കരുതിവെക്കുന്നത്. ഞങ്ങൾ ഇന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ ഡീകാർബണൈസ് ചെയ്യുമ്പോൾ, നാളത്തെ ശുദ്ധമായ ഊർജ്ജത്തിനായി തിരഞ്ഞെടുക്കുന്ന ഒരു വിതരണക്കാരനാകാൻ ഞങ്ങൾ ശക്തമായ നിക്ഷേപം നടത്തുന്നു”, അദ്ദേഹം പറഞ്ഞു.

WAM