മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്ത് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ, ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ എമിറേറ്റിൽ നിലനിൽക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി. ജൂലൈ 24-ന് വൈകീട്ടാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ജൂലൈ 19 മുതൽ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമം ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി. ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയുള്ള അഞ്ച് മണിക്കൂർ അബുദാബിയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.
ഇതിനാൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് വാഹനങ്ങളിൽ എത്തുന്നവർ, തങ്ങളുടെ യാത്രകൾ ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ നിലനിൽക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പുനഃക്രമീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ഈ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവയ്ക്ക് അനുമതിയില്ല. അടിയന്തിര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ മുതലായവ വാങ്ങുന്നതിനായുള്ള യാത്രകൾ മുതലായ ഘട്ടങ്ങളിൽ മാത്രമാണ് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കുന്നത്. എന്നാൽ ഇത്തരം യാത്രകൾക്ക് അബുദാബി പോലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമായിരിക്കും. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്.
അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.