ഒമാൻ: വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം; പുതുക്കിയ ഫീ ബാധകമാകുന്ന തസ്തികകൾ പ്രഖ്യാപിച്ചു

featured GCC News

2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ നടപ്പിലാക്കുന്ന തസ്തികകളും, പ്രവർത്തനമേഖലകളും സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് പുതുക്കിയ ഫീ ഈടാക്കുന്നത് ഏതെല്ലാം തൊഴിലുകൾക്കാണെന്നത് സംബന്ധിച്ച് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 2-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രകാരം ജൂൺ 1 മുതൽ ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 2001 റിയാൽ ഈടാക്കുന്നതാണ്. മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്.

മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം, സ്ഥാപനങ്ങളിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ, സി ഇ ഓ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ, കോളേജ് ഡീൻ, ലീഗൽ അഡ്വൈസർ, എഡിറ്റർ ഇൻ ചീഫ്, ഫിനാൻഷ്യൽ കൺസൾറ്റൻറ്, ടാക്സ് കൺസൾറ്റൻറ് തുടങ്ങി 30-ൽ പരം ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് പുതുക്കിയ ഫീ ആയ 2001 റിയാൽ ഈടാക്കുന്നതാണ്. അറുപതിൽ പരം മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, 622 ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്. https://t.co/Ce6rdzrmA1?amp=1 ഈ തസ്തികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം

അതേസമയം, ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് മാത്രമല്ല എന്നും, നിലവിലെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയ ഫീ ബാധകമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, ഉയർന്ന തസ്തികകളിലും, സാങ്കേതിക തൊഴിലുകളിലും തൊഴിലെടുക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഈ പുതിയ ഫീ ഈടാക്കുന്നതാണ്. ജൂൺ 1 മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി നൽകുന്ന പുതിയ അപേക്ഷകൾക്കും, വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി നൽകുന്ന അപേക്ഷകൾക്കും, ഇതുവരെ ഫീ അടച്ചിട്ടില്ലാത്ത നിലവിൽ നൽകിയിട്ടുള്ള അപേക്ഷകൾക്കും ഈ തീരുമാനം ബാധകമാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

2021 ജനുവരിയിലാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ’12/2021′ എന്ന മന്ത്രിസഭാ തീരുമാനപ്രകാരം പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്തുന്നത്.

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഫീസിൽ ഇളവ്

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകുന്നതാണ്. സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.