എക്സ്പോ 2020 ദുബായ്: സുരക്ഷാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെക്യൂരിറ്റി കമ്മിറ്റി

featured GCC News

2021 ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി. എക്സ്പോ 2020 ദുബായ് സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗത്തിന് നേതൃത്വം വഹിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാണിജ്യപരമായും, സാംസ്കാരികപരമായും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന എക്സ്പോ 2020 ദുബായ് സുരക്ഷിതമായി സംഘടിപ്പിക്കുന്നതിന് സുരക്ഷാ വിഭാഗം പൂർണ്ണ സജ്ജരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 18-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എക്സ്പോ 2020 ദുബായ് വേദിയിൽ നടക്കുന്ന മുഴുവൻ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളും അദ്ദേഹം വിശകലനം ചെയ്തു. എക്സ്പോ 2020 ദുബായ് വേദിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ദുബായ് പോലീസ് നിർമ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വേദിയിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നൂതന സാങ്കേതിക വിദ്യകൾ അദ്ദേഹം പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. സംരക്ഷണം, പ്രവർത്തനം, കുറ്റാന്വേഷണം എന്നീ മൂന്ന് മേഖലകളുമായി ബന്ധപ്പെട്ട ചുമതലകളുള്ള വിഭാഗങ്ങളുടെ പ്രവർത്തനപുരോഗതികളും അദ്ദേഹം വിലയിരുത്തി.

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കുന്നത്.

ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ വേദിയിലെത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എക്സ്പോ 2020 ദുബായ് അധികൃതർ കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അഹമ്മദ് അൽ ബന്ന അടുത്തിടെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

WAM