ഒമാൻ: പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീയിൽ മാറ്റം

GCC News

രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് (ജൂൺ 1, 2021, ചൊവ്വാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, തൊഴിൽ നൈപുണ്യമുള്ള പ്രവാസികളെ രാജ്യത്ത് നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഈ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി 2021 ജൂൺ 1 മുതൽ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ ഒമാനിൽ പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റിനായി ഈ പുതുക്കിയ ഫീ നൽകേണ്ടിവരുന്നതാണ്.

2021 ജനുവരിയിലാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഈ പുതുക്കിയ ഫീ ജൂൺ 1 മുതൽ ഇടാക്കിത്തുടങ്ങുമെന്ന് മന്ത്രാലയം ജനുവരിയിൽ അറിയിച്ചിരുന്നു. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ’12/2021′ എന്ന മന്ത്രിസഭാ തീരുമാനപ്രകാരം പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്തുന്നത്.

പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രകാരം ജൂൺ 1 മുതൽ ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 2001 റിയാൽ ഈടാക്കുന്നതാണ്. മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്. മത്സ്യബന്ധനമേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിന് 361 റിയാൽ വർക്ക് പെർമിറ്റ് ഫീ ഇനത്തിൽ ഈടാക്കുന്നതാണ്. ജൂൺ 1 മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി നൽകുന്ന പുതിയ അപേക്ഷകൾക്കും, ഇതുവരെ ഫീ അടച്ചിട്ടില്ലാത്ത നിലവിൽ നൽകിയിട്ടുള്ള അപേക്ഷകൾക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാൽ സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകുന്നതാണ്. സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.