യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 നവംബർ 25-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടും, വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും പാലിക്കേണ്ട നിർദ്ദേശങ്ങൾ ഈ അറിയിപ്പിലൂടെ അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2022 നവംബർ 28 മുതൽ ഡിസംബർ 6 വരെയുള്ള കാലയളവിലാണ് വാഹനങ്ങൾ അലങ്കരിക്കുന്നതിന് അനുമതി. ഡിസംബർ 6-ന് ശേഷം വാഹനങ്ങളിൽ നിന്ന് ഈ അലങ്കാരങ്ങൾ നീക്കം ചെയ്യാത്തവർക്ക് പിഴ ചുമത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
- ലൈസൻസ് പ്ലേറ്റ് മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ല.
- വാഹനങ്ങളുടെ ചില്ലുകളിൽ നിറങ്ങൾ, മറയ്ക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ എന്നിവ പതിക്കരുത്. അനുവദനീയമല്ലാത്ത നിറങ്ങളിലുള്ള ടിന്റ് സ്റ്റിക്കറുകൾ ചില്ലുകളിൽ പതിക്കുന്നതും വിലക്കിയിട്ടുണ്ട്.
- അപകടത്തിനിടയാക്കുന്ന (ഫ്ലാഗ് പോൾ പോലുള്ളവ) തരത്തിലുള്ള മോടിപിടിപ്പിക്കലുകൾക്ക് അനുമതിയില്ല.
- വാഹനങ്ങളുടെ നിറം മാറ്റരുത്.
- വാഹനങ്ങളിൽ ഉചിതമല്ലാത്തതും, നിന്ദ്യമായതുമായ വാചകങ്ങൾ, അത്തരം സ്റ്റിക്കറുകൾ എന്നിവ പതിക്കരുത്.
- സ്പ്രേ ചെയ്യുന്ന തരത്തിലുള്ള എല്ലാ ഉപകരണങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്.
- വാഹനങ്ങളിലെ യാത്രികർ സൺറൂഫ്, ജനലുകൾ എന്നിവയിലൂടെ തല, ദേഹം എന്നിവ പുറത്തേക്ക് നീട്ടി സഞ്ചരിക്കരുത്.
- വാഹനങ്ങളിൽ പരമാവധി അനുവദനീയമായതിൽ കൂടുതൽ യാത്രികരുമായി സഞ്ചരിക്കരുത്.
- വാഹനങ്ങളിലെ യാത്രികർ വാഹനങ്ങൾക്കുള്ളിൽ സുരക്ഷിതരായാണ് ഇരിക്കുന്നതെന്ന് ഡ്രൈവർ ഉറപ്പ് വരുത്തേണ്ടതാണ്. വാഹനത്തിന്റെ മുകളിലും, പിക്അപ് ട്രക്കുകളുടെ ട്രങ്കുകളിലും യാത്രികർ ഇരുന്ന് യാത്രചെയ്യുന്നതിന് അനുമതിയില്ല.
- ആഘോഷങ്ങളുടെ ഭാഗമായി റോഡുകളിൽ കുതിര, ഒട്ടകം എന്നിവയെ അനുവദിക്കുന്നതല്ല.
- റോഡുകളുടെ നടുവിൽ വെച്ച് വാഹനങ്ങളിൽ നിന്ന് ഇറങ്ങുകയോ, എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം എവിടെയെങ്കിലും നിർത്തിയിട്ട് പോകുകയോ ചെയ്യരുത്.
- വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുത്. ടാക്സി, ബസ് എന്നിവയ്ക്കുള്ള സ്റ്റോപ്പുകൾ, റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തരുത്.
- ട്രാഫികിന് തടസം സൃഷ്ടിക്കരുത്.
രാജ്യത്തെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: File photo from WAM.