അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 2022 നവംബർ 25-ന് വൈകീട്ടാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ട്രക്കുകൾ, തൊഴിലാളികളെ കൊണ്ട് പോകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും, സ്ട്രീറ്റുകളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദ് ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, അൽ മഖ്ത ബ്രിഡ്ജ് എന്നീ പ്രവേശനകവാടങ്ങളിലൂടെ ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും ഈ വിലക്ക് ബാധകമാണ്.
2022 നവംബർ 30-ന് ഉച്ചയ്ക്ക് 12 മണി മുതൽ 2022 ഡിസംബർ 4-ന് രാത്രി 1 മണി വരെ ഈ വിലക്ക് ബാധകമാണ്. ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള കമ്പനികളുടെ വാഹനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.