ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

featured GCC News

അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

ഈ അറിയിപ്പ് പ്രകാരം സന്ദർശകർ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  • ക്യാമ്പുകളുടെ പരിസരങ്ങളിലും മറ്റും അപകടകരമായ രീതിയിൽ കാറുകൾ, ബൈക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
  • മേഖലയിലെ കുന്നുകളിലും, മലകളിലും കയറുന്നവർ സുരക്ഷ ഉറപ്പാക്കേണ്ടതാണ്. കയറുന്നതിനായി സുരക്ഷിതമായ പാതകൾ തിരഞ്ഞെടുക്കേണ്ടതും, അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കേണ്ടതുമാണ്. കുത്തനെയുള്ള മലഞ്ചെരിവുകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
  • കല്ല് പതിച്ച റോഡുകളിൽ മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ എല്ലാ സമയങ്ങളിലും ഹെൽമറ്റ് ഉപയോഗിക്കേണ്ടതാണ്. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവർ മുതിർന്നവരുടെ മേൽനോട്ടത്തിൽ, ഇതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം മോട്ടോർസൈക്കിൾ ഉപയോഗിക്കേണ്ടതാണ്.
  • ക്യാമ്പുകളുടെ പരിസരങ്ങളിൽ ബൈക്കുകൾ ഉൾപ്പടെയുളള വാഹനങ്ങളിൽ നിന്നും മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന വലിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • സീറ്റ് ബെൽറ്റ് ഉപയോഗം, ഹെഡ് ലൈറ്റുകളുടെ ഉപയോഗം, വേഗപരിധി തുടങ്ങിയ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
  • ഡ്രോണുകൾ, ഗ്ലൈഡറുകൾ തുടങ്ങിയവ മുൻ‌കൂർ അനുമതി കൂടാതെ ഉപയോഗിക്കരുത്.

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-നാണ് ആരംഭിച്ചത്. അൽ ദഫ്‌റയിലെ ലിവയിൽ വെച്ചാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അബുദാബി കൾച്ചർ ആൻഡ് ടൂറിസം, ലിവ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള ഒരുക്കുന്നത്. ‘ലിവ 2025’ എന്ന പേരിൽ നടക്കുന്ന മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025 ജനുവരി 4 വരെ നീണ്ട് നിൽക്കും.

സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഒത്തൊരുമിപ്പിച്ചാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്.