അബുദാബി പോലീസ് ബാക്ക്-റ്റു-സ്‌കൂൾ പ്രചാരണ പരിപാടികൾ ആരംഭിച്ചു

UAE

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് നേരിട്ടുള്ള പഠനത്തിനായി മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് സമഗ്രമായ ബാക്ക്-റ്റു-സ്‌കൂൾ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെത്തുന്നവർക്ക് സംരക്ഷണം ഉറപ്പ് വരുത്തുകയാണ് ഈ പ്രചാരണ പരിപാടിയിലൂടെ അബുദാബി പോലീസ് ലക്ഷ്യമിടുന്നത്.

വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിനായി ഡ്രൈവർമാർക്കായി അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പ്രത്യേക ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഈ സമയങ്ങളിൽ റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും, റോഡിൽ അമിത വേഗം ഒഴിവാക്കുന്നതിനും പോലീസ് ഡ്രൈവർമാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നതാണ്.

ഈ പ്രചാരണ പരിപാടി പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി അബുദാബി, അൽ ഐൻ, അൽ ദഫ്‌റ മേഖലകളിലെ റോഡുകൾ, ടണലുകൾ എന്നിവിടങ്ങളിൽ പ്രത്യേക പോലീസ് പെട്രോൾ വിഭാഗങ്ങളെ വിന്യസിക്കുമെന്നും, നിരീക്ഷണം ശക്തമാക്കുമെന്നും അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദഹി അൽ ഹുമൈരി വ്യക്തമാക്കി. കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിനായി വാഹനങ്ങൾ ഉപയോഗിക്കുന്ന രക്ഷിതാക്കളോട് അതീവ ജാഗ്രത പുലർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനും, സ്‌കൂൾ ബസുകളിൽ സുരക്ഷിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകാനും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

നിയമങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ബസ് ഡ്രൈവർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ബസുകളിൽ നിന്ന് ഇറങ്ങുന്നതിനും, കയറുന്നതിനും ആവശ്യമായ സമയം നൽകാനും, വാഹനങ്ങൾ അവ നിർത്തുന്നതിന് നിശ്ചയിട്ടുള്ള ഇടങ്ങളിൽ മാത്രം നിർത്തുന്നതിനും, മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതിനും, കുട്ടികളെ ബസുകളിൽ നിന്ന് ഇറക്കുകയും, കയറ്റുകയും ചെയ്യുന്ന അവസരത്തിൽ സ്റ്റോപ്പ് സൈൻ ബോർഡ് കൃത്യമായി ഉപയോഗിക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

WAM