ക്രിപ്റ്റോകറൻസി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

featured UAE

ക്രിപ്റ്റോകറൻസി വ്യവഹാര സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് എമിറേറ്റിലെ നിരവധി പേർക്ക് അടുത്തിടെ ലഭിച്ച ഒരു പരസ്യസന്ദേശം ചൂണ്ടിക്കാട്ടിയാണ് അബുദാബി പോലീസ് ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.

എളുപ്പത്തിൽ പണം സമ്പാദിക്കാനാകുമെന്ന വാഗ്ദാനങ്ങളിൽ മയങ്ങി ഇത്തരം തട്ടിപ്പുകൾക്ക് ഇരയാക്കരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും ജൂലൈ 5-ന് പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലൂടെ അബുദാബി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സ്വകാര്യ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്നും, ക്രിപ്റ്റോകറൻസി വ്യവഹാര സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് സമീപിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളുമായോ, ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായോ യാതൊരു കാരണവശാലും പണമിടപാടുകൾ നടത്തരുതെന്നും അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി അറിയിച്ചു.

ക്രിപ്റ്റോകറൻസി വ്യവഹാരങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ പ്രബലമായ രീതിയിലുള്ള വരുമാനം വാഗ്‌ദാനം ചെയ്തുകൊണ്ട് നിരവധി തട്ടിപ്പുകാർ പൊതുജനങ്ങളെ വഞ്ചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ നിയമങ്ങളുടെയോ, ചട്ടങ്ങളുടെയോ പിൻബലമില്ലാത്ത ഇത്തരം ക്രിപ്റ്റോകറൻസി വ്യവഹാരങ്ങളിൽ പണം മുടക്കുരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിപ്റ്റോകറൻസി ഇടപാടുകളുടെ നഷ്ടസാധ്യതകൾ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുന്നവർ, ഇത് സംബന്ധിച്ച വിവരങ്ങൾ അബുദാബി പോലീസുമായി പങ്ക് വെക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് ഖലാഫ് അൽ ദാഹിരി ആവശ്യപ്പെട്ടു. 8002626 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ, 2828 എന്ന നമ്പറിൽ SMS മുഖേനയോ ഇത്തരം വിവരങ്ങൾ അബുദാബി പോലീസ് അധികൃതരെ അറിയിക്കാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ അത്യധികം രഹസ്യാത്മക സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതാണെന്ന് പോലീസ് ഉറപ്പ് നൽകി.

Photo: @ADPoliceHQ